ന്യൂഡല്‍ഹി : സമാജ്‌വാദി പാര്‍ട്ടിയില്‍ മുലായത്തിനും അഖിലേഷിനും ഇടയില്‍ മഞ്ഞുരുകുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉറപ്പായും സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുലായം, 38 പേരടങ്ങിയ പട്ടിക അഖിലേഷിനു കൈമാറി. അഖിലേഷ് എതിര്‍ക്കുന്ന ശിവ്പാല്‍ യാദവിന്റെ പേര് പട്ടികയിലില്ല. അതേസമയം, കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടി ചിഹ്നം അനുവദിച്ചതോടെ സമാജ്വാദി പാര്‍ട്ടിയില്‍ മേധാവിത്വം ഉറപ്പിച്ച അഖിലേഷ് യാദവ് പിതാവ് മുലായത്തിനെയും കൂടെ കൂട്ടാനുള്ള ശ്രമത്തിലാണ്. ഇരുവര്‍ക്കും ഇടയില്‍ മഞ്ഞുരുകുന്നതിന്റെ സൂചനയായി, തീര്‍ച്ചയായും പരിഗണിക്കണമെന്നാവശ്യപ്പെട്ട് 38 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക മുലായം അഖിലേഷിനു കൈമാറി.
അഖിലേഷ് സംസ്ഥാന അധ്യക്ഷ പദവിയില്‍നിന്ന് ഒഴിവാക്കിയ, മുലായത്തിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവിന്റെ പേര് പട്ടികയിലില്ല. എന്നാല്‍ അഖിലേഷ് പുറത്താക്കിയ മന്ത്രിമാരായ നാരദ് റായ്, ഒ.പി. സിങ് എന്നിവരും ശിവ്പാല്‍ യാദവിന്റെ മകന്‍ ആദിത്യ യാദവും പട്ടികയിലിടം നേടി. ഇതു പരിഗണിച്ച ശേഷം മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പുതിയ പട്ടിക പുറത്തിറക്കുമെന്ന് അഖിലേഷ് വ്യക്തമാക്കി.
നേരത്തെ അഖിലേഷും മുലായവും വെവ്വേറെ പട്ടിക പുറത്തിറക്കിയിരുന്നു. ഇരുവരുടെയും സ്ഥാനാര്‍ഥി പട്ടികയില്‍ ചെറിയ വ്യത്യാസം മാത്രമാണുള്ളതെന്നു അഖിലേഷ് ഇന്നലെ പറഞ്ഞിരുന്നു. അഖിലേഷിനെതിരെ മത്സരിക്കില്ലെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്നും മുലായം സ്ഥിരീകരിച്ചു. മുലായത്തിന്റെ നിര്‍ദേശ പ്രകാരം ശിവ്പാല്‍ യാദവ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍നിന്നു മാറി നിന്നേക്കും. അതേസമയം, സഖ്യത്തിലുള്ള കോണ്‍ഗ്രസുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി.
Post Your Comments