കൊല്‍ക്കത്ത: ബലാത്സംഗവും കൊലപാതകവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് പള്ളി ഇമാമിന്റെ ഉപദേശം. കുട്ടിക്കുപ്പായം ധരിക്കുന്നത് ഒഴിവാക്കിയാല്‍ ബലാത്സംഗം തടയാമെന്നാണ് അദ്ദേഹം പറഞ്ഞത്. കൊല്‍ക്കത്ത ടിപ്പു സുല്‍ത്താന്‍ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് മുഹമ്മദ് നുറുല്‍ ആര്‍ ബര്‍ക്കത്തിയാണ് പെണ്‍കുട്ടികള്‍ക്ക് വ്യത്യസ്തമായ ഉപദേശം നല്‍കിയത്.
സ്ത്രീകള്‍ സ്വയം സുരക്ഷ ഒരുക്കണമെന്ന് നിര്‍ദേശിച്ച ശേഷമാണ് അദ്ദേഹം വസ്ത്രരീതി മാറ്റണമെന്നു പറഞ്ഞത്. പെണ്‍കുട്ടികള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നത് ആണ്‍കുട്ടികള്‍ക്ക് വികാരമുണരാന്‍ കാരണമാവും. മാന്യമായ വസ്ത്രം ധരിച്ച് സ്വയരക്ഷ ഒരുക്കാന്‍ അവര്‍ക്ക് തന്നെ സാധിക്കുമെന്നും ഇമാം പറഞ്ഞു.
നിലവില്‍ പെണ്‍കുട്ടികള്‍ വളരെ ചെറിയ വസ്ത്രങ്ങളാണ് ധരിക്കുന്നത്. ശരീര ഭാഗങ്ങള്‍ പുറത്ത് കാണുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് പ്രശ്‌നം. അവ ഒഴിവാക്കി മാന്യമായ വസ്ത്രം ധരിക്കണം. ഒരു പരിധി വരെ പ്രശ്‌നങ്ങള്‍ ഇങ്ങനെ ഇല്ലാതാക്കാന്‍ പറ്റും.-ഇമാം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സ്ത്രീകള്‍ കുട്ടിക്കുപ്പായം ധരിക്കുന്നതാണ് ബലാത്സംഗത്തിനും കൊലപാതകത്തിനും കാരണമാവുന്നത്. ഹിന്ദുസ്ഥാനി സംസ്‌കാരം അനുസരിച്ച് ഹിന്ദുക്കളാവട്ടെ മുസ്ലിംകളാവട്ടെ, ഇന്ത്യന്‍ സ്ത്രീകള്‍ സ്വയം മറയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം സമാജ്വാദി പാര്‍ട്ടി നേതാവ് അബു അസ്മിയും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. നഗ്‌നത ഇന്ത്യയില്‍ ഫാഷനായി മാറിയിരിക്കുകയാണെന്നായിരുന്നു അസ്മി പറഞ്ഞത്. സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്നും സ്വയ രക്ഷയെ കുറിച്ച് ബോധവാന്‍മാരാകണമെന്നും അസ്മി പറഞ്ഞു.
Post Your Comments