ന്യൂഡല്‍ഹി•ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളും കവിയുമായ കുമാര്‍ വിശ്വാസ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഒന്നോ രണ്ടോ ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സാഹിദാബാദില്‍ നിന്നും അദ്ദേഹം ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുമാര്‍ വിശ്വാസുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബി.ജെ.പി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം വൈകില്ലെന്നും അവര്‍ വ്യക്തമാക്കി. ബി.ജെ.പി പ്രവേശനത്തിന് മുന്നോടിയായി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷായുമായി കുമാര്‍ വിശ്വാസ് കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കുമാര്‍ വിശ്വാസ് യു.പിയിലെ അമേത്തിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കും ബി.ജെ.പിയുടെ സ്മൃതി ഇറാനിയ്ക്കുമെതിരെ മത്സരിച്ചിരുന്നു.
അതേസമയം, കുമാര്‍ വിശ്വാസ് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച ഗാസിയാബാദ് ജില്ലയിലെ സാഹിദാബാദ് സീറ്റില്‍ യു.പി ബി.ജെ.പി ജനറല്‍സെക്രട്ടറിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ മകനുമായ പങ്കജ് സിംഗും നോട്ടമിട്ടിട്ടുണ്ട്. പാര്‍ട്ടി നേതാക്കള്‍ രണ്ട് സാധ്യതയും പരിശോധിച്ച് വരികയാണ്.
Post Your Comments