ന്യൂഡല്‍ഹി : റെയില്‍ പാളത്തിലെ ഫോട്ടോഷൂട്ട് അവസാനം ദുരന്തത്തില്‍ കലാശിച്ചു. റെയില്‍പ്പാളത്തില്‍ നിന്നു ഫോട്ടോയെടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ട്രെയിന്‍ വരുന്ന പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കുകയായിരുന്നു കുട്ടികള്‍. അതിനിടെയായിരുന്നു അപകടം. കിഴക്കന്‍ ഡല്‍ഹിയില്‍ അക്ഷര്‍ധാം ക്ഷേത്രത്തോടു ചേര്‍ന്നുള്ള റെയില്‍പ്പാതയിലായിരുന്നു അപകടം.
മയൂര്‍ വിഹാര്‍ ഫേസ് വണ്‍ സ്വദേശികളായ സുഭം സൈനി (15), യാഷ് ചണ്ഡേലിയ (15) എന്നിവരാണു മരിച്ചത്. ഇവരുള്‍പ്പെടെ അഞ്ചു സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്യാമറ വാടകയ്‌ക്കെടുത്താണു ഫോട്ടോ ഷൂട്ടിനെത്തിയതെന്നു പൊലീസ് അറിയിച്ചു. ഫോട്ടോ ഷൂട്ടിനിടെ പെട്ടെന്നു ട്രെയിന്‍ വന്നു. മറ്റുള്ളവര്‍ ഓടി മാറി. എന്നാല്‍, ശുഭത്തിനും യാഷിനും പരിഭ്രമത്തിനിടെ ഓടാനായില്ല.
ട്രെയിനിടിച്ച് ഇരുവരും തല്‍ക്ഷണം മരിച്ചു. രോഹിത് കുമാര്‍, തുഷാര്‍ അന്‍ഷുല്‍ യാദവ്, ഭവീത് തോമര്‍ എന്നിവരാണു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. ഇവരെല്ലാം ഒരേ ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്നവരാണ്. ട്യൂഷനായി വീട്ടില്‍ നിന്ന് ഉച്ചയോടെ പോയതായിരുന്നു. യാഷ് ആസ്റ്റര്‍ പബ്ലിക് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
Post Your Comments