കോട്ടയം : സംസ്ഥാന സര്‍ക്കാരിനെതിരെ സമരങ്ങളുടെ വേലിയേറ്റത്തിന് ബിജെപി തയ്യാറെടുക്കുന്നു. കോട്ടയത്ത് സമാപിച്ച ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്. യോഗ തീരുമാനങ്ങള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവര്‍ വിശദീകരിച്ചു. റേഷന്‍ പ്രതിസന്ധി, ദളിത് പീഡനം, ഭൂമി പ്രശ്‌നം, അക്രമ രാഷ്ട്രീയം ഇവ ഉയര്‍ത്തിയാണ് സമര പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
ഫെബ്രുവരി ആറിന് പഞ്ചായത്ത് തലങ്ങളില്‍ 24 മണിക്കൂര്‍ പട്ടിണി സമരത്തോടെയാണ് റേഷന്‍ നിഷേധത്തിനെതിരായ സമരം തുടങ്ങുന്നത്. കേന്ദ്രം നല്‍കിയ അരി തരൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സമരം. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അരി ഗോഡൗണകളില്‍ കെട്ടികിടന്നിട്ടും വിതരണം ചെയ്യാത്തത് ഭരണഘടനാ ലംഘനമാണെന്ന് നേതാക്കള്‍ പറഞ്ഞു. ബുധനാഴ്ച മുതല്‍ 25 വരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ എഫ് സി ഐ ഗോഡൗണുകളില്‍ നിന്ന് അരി പിടിച്ചെടുക്കല്‍ സമരം നടത്തും. ബുധനാഴ്ച കോഴിക്കോട് എഫ് സി ഐ ഗോഡൗണിലേക്കാണ് സമരം. ഫെബ്രുവരി 13 ന് യുവമോര്‍ച്ച താലൂക്ക് സപ്ലൈ ഓഫീസുകള്‍ ഉപരോധിക്കും. ഫെബ്രുവരി 18 ന് മഹിളാമോര്‍ച്ച നിയോജക മണ്ഡലതലങ്ങളില്‍ അമ്മമാരുടെ ധര്‍ണ്ണ നടത്തും.
സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെ പട്ടികജാതി മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍മാര്‍ കോളനികള്‍ കേന്ദ്രീകരിച്ച് വാഹന പ്രചരണ ജാഥകള്‍ നടത്തും. ഫെബ്രുവരി 10 മുതല്‍ 20 വരെയാകും ജാഥകള്‍.മാര്‍ച്ച് 20 ന് പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് ഇപരോധിക്കാനും സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. പിണറായി ഭരണത്തിന്‍ കീഴില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമിക്കപ്പെടുകയാണ്. ഇതിനെതിരെ ഫെബ്രുവരി ആദ്യ വാരം തിരുവനന്തപുരത്ത് സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കും. ജനുവരി 23ന് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ്ണയും നടത്തും. പാലക്കാട്ട് സിപിഎമ്മുകാര്‍ ചുട്ടുകൊന്ന വിമലാദേവിയുടെ ചിതാഭസ്മവുമായി പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും രണ്ട് ജാഥകള്‍ നടത്താനും കൗണ്‍സില്‍ തീരുമാനിച്ചു.
ഭൂ സമരങ്ങളെ ഏകോപിപ്പിക്കാന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേരളത്തിലെ മുഴുവന്‍ സമര കേന്ദ്രങ്ങളും സന്ദര്‍ശിക്കും. ജനുവരി 24 ന് പത്തനംതിട്ടയിലെ ഗവിയില്‍ നിന്ന് യാത്ര തുടങ്ങും. മാര്‍ച്ച് രണ്ടാം വാരം ഭൂരഹിതരുടെ വിപുലമായ കണ്‍വെന്‍ഷന്‍ നടത്താനും കൗണ്‍സില്‍ തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു. ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷന്‍ എന്‍ ഹരി, സംസ്ഥാന മീഡിയാ കോര്‍ഡിനേറ്റര്‍ ആര്‍ സന്ദീപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Post Your Comments