KeralaNews

റബര്‍ വിപണി ഉണര്‍വില്‍ കര്‍ഷകര്‍ക്ക് ആശ്വാസം; വിലസ്ഥിരതാ പദ്ധതിയുടെ പ്രസക്തി നഷ്ടപ്പെടുന്നതില്‍ ആശങ്ക

കോട്ടയം: സംസ്ഥാനത്ത് റബര്‍ കര്‍ഷകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് റബര്‍ വിപണി ഉണര്‍ന്നു. കഴിഞ്ഞ കുറേ മാസങ്ങളായി റബറിന് വില ഇടിഞ്ഞതിനാല്‍ റബര്‍ കര്‍ഷകര്‍ ആശങ്കയിലായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ് ആഭ്യന്തര വിപണിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി റബറിന് ശരാശരി വില ഉയര്‍ന്നു. റബര്‍ വില വീണ്ടും 150 രൂപയിലെത്തി. കോട്ടയം മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം ആര്‍.എസ്.എസ്. നാല് ഗ്രേഡിന്റെ വ്യാപാരം 150 രൂപയ്ക്കു നടന്നു. അതേസമയം റബര്‍ ബോര്‍ഡ് വില 149 രൂപയായിരുന്നു. മുമ്പ് വില 150 രൂപയുണ്ടായിരുന്നത് 2013 മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളിലാണ്. പിന്നീട് 100 രൂപയിലേക്കു കൂപ്പുകുത്തിയ വില കഴിഞ്ഞ ഏപ്രിലില്‍ 144 രൂപയില്‍ വരെയെത്തിയിരുന്നു. തുടര്‍ന്ന് 120 – 130 റേഞ്ചില്‍ നിന്ന വില കഴിഞ്ഞയാഴ്ചയാണു വര്‍ധിച്ചു തുടങ്ങിയത്.

രാജ്യാന്തര വില ഉയര്‍ന്നതിന്റെ ചുവടുപിടിച്ചാണ് ആഭ്യന്തരവിപണിയിലും വില ഉയര്‍ന്നത്. ബാങ്കോക് വില തിങ്കളാഴ്ച 4.49 രൂപ വര്‍ധിച്ച് 181.47 രൂപയിലത്തെി. മലേഷ്യന്‍ വില 3.70 രൂപകൂടി 155.43 രൂപയായി. തേസമയം, രാജ്യന്തര വിലയിലെ വര്‍ധനക്ക് അനുസരിച്ചുള്ള നേട്ടം ഇപ്പോഴും സംസ്ഥാനത്തെ കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല. നിലവില്‍ ആഭ്യന്തര വിലയും രാജ്യാന്തര വിലയും തമ്മിലുള്ള അന്തരം 31 രൂപയാണ്. ആഭ്യന്തരവിപണിയില്‍ വില ഉയരാതിരിക്കാന്‍ കണക്കാക്കി ടയര്‍ കമ്പനികള്‍ സംഘടിതമായി വന്‍തോതില്‍ റബര്‍ വാങ്ങുന്നില്ല. ഒറ്റപ്പെട്ട ചില കമ്പനികളാണ് ഇപ്പോള്‍ വിപണിയില്‍നിന്ന് റബര്‍ വാങ്ങുന്നത്.

 

2013 ജനുവരിയില്‍ രാജ്യാന്തര വില 181 രൂപയില്‍ എത്തിയപ്പോള്‍ ആഭ്യന്തര വില 161.50 രൂപയുണ്ടായിരുന്നു. 2013 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണു മുമ്പ് വില 150 രൂപയുണ്ടായിരുന്നത്. പിന്നീട് 100 രൂപയിലേക്കു കൂപ്പുകുത്തി. ഏപ്രിലില്‍ 144 രൂപയില്‍ വരെയെത്തിയിരുന്നു. അതേസമയം, വില 150ലേക്ക് എത്തിയതോടെ റബര്‍ വിലസ്ഥിരത പദ്ധതി സ്വാഭാവിക അന്ത്യത്തിലേക്ക് നീങ്ങുകയാണ്. 150 രൂപ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. അതത് ദിവസത്തെ റബര്‍ ബോര്‍ഡ് വിലയും 150 രൂപയും തമ്മിലുള്ള അന്തരമാണ് പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. റബര്‍ബോര്‍ഡ് വില 149 ലേക്ക് എത്തിയതോടെ ഒരുരൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. വില ഉയരാനുള്ള സാധ്യതയുള്ളിനാല്‍ അടുത്തദിവസം ബോര്‍ഡ് വില 150 എത്തും. ഇതോടെ പദ്ധതിയുടെ പ്രസക്തി നഷ്ടമാകും.

അതേസമയം, പദ്ധതി പ്രകാരം ബില്ലുകള്‍ സമര്‍പ്പിച്ച കര്‍ഷകര്‍ക്ക് കോടികള്‍ ലഭിക്കാനുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലത്തെിയതോടെ 500 കോടി പദ്ധതിക്കായി നീക്കിവെച്ചെങ്കിലും തുക വിതരണം കാര്യക്ഷമമായില്ല. അതേസമയം ടാപ്പിംഗ് സീസണ്‍ ആരംഭിച്ചതോടെ കൂടുതല്‍ റബര്‍ വിപണിയില്‍ എത്തുമെന്ന പ്രതിക്ഷയിലാണ് ടയര്‍ കമ്പനികള്‍. 50,000 ടണ്‍ റബറാണ് ഒരു ദിവസം രാജ്യത്തെ ടയര്‍ക്കമ്പനികള്‍ക്ക് ആവശ്യമായിട്ടുള്ളത്.

ഇറക്കുമതിയിലൂടെ സംഭരിച്ച റബ്ബര്‍ ഒരുമാസത്തേക്കുള്ളത് മാത്രമേ ടയര്‍ കമ്പനികളുടെ കൈവശമുള്ളു. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ നിന്നും റബര്‍ വാങ്ങാന്‍ ടയര്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇത് വീണ്ടും വില വര്‍ധിക്കാന്‍ കാരണമാകും. ലോകത്തെ റബര്‍ ഉദ്പാദക രാജ്യങ്ങളായ തായ്‌ലന്റ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ കയറ്റുമതി കുറഞ്ഞതും ഇന്ത്യന്‍ റബറിന്റെ ഡിമാന്റ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

സിന്തറ്റിക് റബറിന്റെ ഉല്‍പ്പാദനത്തില്‍ നിര്‍ണായക അസംസ്‌കൃത വസ്തുവായ ക്രൂഡ് ഓയിലിനു വീപ്പയ്ക്ക് 63 ഡോളറിലേക്ക് വിലകയറിയതാണ് ഈയിനത്തിലെ വിലക്കയറ്റത്തിനും ഇന്ത്യയിലെ പ്രകൃതിദത്ത റബറിനു ഗുണം ചെയ്തതും. രാജ്യാന്തര വില ഉയര്‍ന്നതോടെ ഇറക്കുമതിക്കുള്ള സാധ്യത മങ്ങിയതും കയറ്റുമതി കൂടിയതും ആഭ്യന്തര റബര്‍ വിപണിക്ക് ഉത്തേജനമേകി. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ വെയര്‍ഹൗസുകളായ മലപ്പുറത്തെ കാക്കച്ചേരി, പാലക്കാട്ടെ കഞ്ചിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ എടത്തല, കാക്കനാട്, കടവന്ത്ര, കോട്ടയം ജില്ലയിലെ കുന്നന്താനം എന്നിവിടങ്ങളില്‍ സംഭരിച്ചിട്ടുള്ള 3,500 ടണ്‍ ആര്‍.എസ്.എസ്. 4 റബര്‍ ആണ് കയറ്റുമതി ചെയ്യാന്‍ ഇടയുള്ളത്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ആഭ്യന്തര വിപണിയില്‍ റബര്‍ വില ഇനിയും ഉയരും. ഈ സ്റ്റോക്കില്‍നിന്ന് 200 ടണ്‍ കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചിട്ടുമുണ്ട്.ടോക്കിയോ റബര്‍ വിപണി നിയന്ത്രിക്കുന്ന അവധി വ്യാപാരികളുടെ പിടിയിലാണു റബര്‍ വില. വില കൂട്ടിയതിനുപിന്നാലെ പൊടുന്നനെ താഴ്ത്തുന്ന പതിവും ഇവര്‍ക്കുണ്ട്. എന്നാലും റബറിന്റെ അവധിവില ജനുവരി-144, ഫെബ്രുവരി- 147, മാര്‍ച്ച്: 150 രൂപ നിരക്കിലാണ്. അതിനാല്‍ത്തന്നെ വരും മാസങ്ങളില്‍ രാജ്യാന്തര വിലയും അതിന്റെ ചുവടൊപ്പിച്ച് ആഭ്യന്തര വിലയും ഉയര്‍ന്നേക്കുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button