കോട്ടയം : കേരളത്തില്‍ നടക്കുന്ന ചെറുതും വലുതുമായ ഭൂസമരങ്ങള്‍ ഏകോപിപ്പിച്ച് ബിജെപി നേതൃത്വം നല്‍കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. സംസ്ഥാനത്ത് രണ്ടാം ഭൂപരിഷ്‌കരണം അനിവാര്യമായെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടക്കുന്ന ബിജെപി സംസ്ഥാന സമിതിയോഗം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തെപ്പറ്റി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നടക്കുന്ന എല്ലാ ഭൂസമരങ്ങള്‍ക്കും ബിജെപി പിന്തുണ പ്രഖ്യാപിച്ചു. 5 ലക്ഷം ഏക്കര്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും 3 ലക്ഷം കുടുംബങ്ങള്‍ ഒരു സെന്റ് ഭൂമി പോലും ഇല്ലാത്തവരായുണ്ടെന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. ഭൂ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പകരം സമരങ്ങള്‍ അട്ടിമറിക്കാനാണ് ഇടതു മുന്നണിയും സര്‍ക്കാരും ശ്രമിക്കുന്നത്. കേരളത്തിലെ റേഷന്‍ വിതരണം അട്ടിമറിക്കാന്‍ ഇരു മുന്നണികളും ഗൂഡാലോചന നടത്തി. കരിഞ്ചന്തക്കാരെയും ഇടനിലക്കാരേയും സംരക്ഷിക്കാനാണ് സംസ്ഥാനത്ത് ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കാത്തത്. ഇത് ഭരണഘടനാ ലംഘനമാണ്. സംസ്ഥാനത്ത് പട്ടിണി സമരത്തിന് ബിജെപി നേതൃത്വം നല്‍കും. പാലക്കാട്ട് ഒരു കുടുംബത്തെ ചുട്ടുകൊന്നതിന്റെ തീ അണയുന്നതിന് മുന്‍പ് പിണറായി വിജയന്‍ അസഹിഷ്ണുതയെപ്പറ്റി സംസാരിക്കുന്നത് പരിഹാസ്യമാണെന്നും എം.ടി രമേശ് പറഞ്ഞു.
കലോത്സവ വേദിയില്‍ പിണറായി സംസാരിക്കേണ്ടത് സ്വന്തം പാര്‍ട്ടിക്കാരുടെ അസഹിഷ്ണുതയെപ്പറ്റിയാണ്. സിപിഎം നേതാവില്‍ നിന്ന് കേരളാ മുഖ്യമന്ത്രിയിലേക്ക് ഇനിയും പിണറായി വിജയന്‍ വളര്‍ന്നിട്ടില്ല. സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖം തുറന്ന് കാട്ടാന്‍ ദേശീയ തലത്തില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എം ടി രമേശ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എന്‍ ഹരി, സംസ്ഥാന മാധ്യമ വിഭാഗം കോര്‍ഡിനേറ്റര്‍ ആര്‍ സന്ദീപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Post Your Comments