കണ്ണൂര്‍: അങ്ങനെ ആ കാത്തിരിപ്പ് അവസാനിച്ചു, കൗമാരകലാ മാമാങ്കത്തിന് ചരിത്രമുറങ്ങുന്ന കണ്ണൂരില്‍ കലയുടെ ആരവം ഉണര്‍ന്നുകഴിഞ്ഞു. പോലീസ് മൈതാനിയിലെ മുഖ്യവേദിയായ നിളയില്‍ ഇന്നു വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിക്കുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കലയുടെ കളിയാട്ടത്തിന് അരങ്ങുണരും.
പത്തുവര്‍ഷങ്ങള്‍ക്കു ശേഷമെത്തിയ കലാമാമാങ്കത്തെ വരവേല്‍ക്കാനുള്ള എല്ലാ തയാറെടുപ്പുകളും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ദൃശ്യ- ശ്രാവ്യ കലകളുടെ മായികപ്രപഞ്ചം തീര്‍ക്കാനുള്ള കണ്ണൂരിന്റെ തനിമയും മഹിമയും വിളിച്ചോതുന്ന കലോത്സവ വേദികള്‍ കലാപ്രതിഭകളെ കാത്തിരിക്കുകയായി. ജാതി-മത- രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം ഉറവ വറ്റാത്ത സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും സാന്നിധ്യമറിയിക്കാന്‍ കാത്തിരിക്കുകയാണു കണ്ണൂര്‍ നിവാസികള്‍.
നിളയും ചന്ദ്രഗിരിയും കബനിയും പമ്പയും വളപട്ടണവും കല്ലായിയും കവ്വായിയുമായി പുഴകളുടെ പേരുകളുള്ള 20 വേദികളില്‍ തിരയിളക്കം തുടങ്ങിക്കഴിഞ്ഞു.
Post Your Comments