ന്യൂഡല്‍ഹി : ഇന്ത്യയിലെ ജാലിയന്‍വാലാബാഗ് കൂട്ടക്കുരുതിയില്‍ ബ്രിട്ടണ് മാപ്പ് അപേക്ഷിക്കാന്‍ ഏറ്റവും നല്ല വര്‍ഷം 2019 ആണെന്ന ശശി തരൂര്‍ എം.പിയുടെ പരാര്‍ശം വിവാദമാകുന്നു.
ജാലിയന്‍വാലാബാഗ് കൂട്ടകുരുതിയുടെ പേരില്‍ ബ്രിട്ടണ്‍ ഇന്ത്യയോട് മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ആഴ്ച ശശി തരൂര്‍ രംഗത്ത്് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് 2019 ആണ് ബ്രിട്ടണ് ഇന്ത്യയോട് മാപ്പ് പറയാന്‍ പറ്രിയ വര്‍ഷം എന്നു പറഞ്ഞ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. 1919 ഏപ്രില്‍ 13ന് ബ്രിട്ടീഷ് സൈനികര്‍ നടത്തിയ ആ അരുകൊലയില്‍ 1500 പേരെയായിരുന്നു അന്ന് വെടിയേറ്റ് മരിച്ചിരുന്നത്.
കൊല്‍ക്കത്ത ലിറ്റററി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്റെ പുസ്തകമായ ഏന്‍ ഈറ ഓഫ് ഡാര്‍ക്ക്‌നെസ്; ദി ബ്രിട്ടീഷ് എംപയര്‍ ഇന്‍ ഇന്ത്യയെക്കുറിച്ച് സംസാരിക്കവെയാണ് തരൂര്‍ ഈ ആവശ്യം വീണ്ടും ബ്രിട്ടനോട് ഉന്നയിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ നൂറാം വാര്‍ഷികത്തിലെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രിയോ അല്ലെങ്കില്‍ രാജകുടുംബാംഗമോ ജാലിയന്‍ വാലാബാഗില്‍ വന്ന് തങ്ങള്‍ക്ക് പറ്റിപ്പോയ തെറ്റിന് ഇന്ത്യന്‍ ജനതയോട് മാപ്പ് പറയണമെന്നാണ് തരൂര്‍ ഇപ്പോള്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ കൂട്ടക്കൊലയുടെ പേരില്‍ മാത്രം മാപ്പ് പറഞ്ഞാല്‍ പോരെന്നും മറിച്ച് തങ്ങള്‍ ഇന്ത്യ ഭരിച്ച കാലത്ത് ഇവിടുത്തെ ജനതയോട് ചെയ്ത് പോയ എല്ലാ തെറ്റുകള്‍ക്കും മാപ്പപേക്ഷിക്കണമെന്നുമാണ് തരൂര്‍ നിര്‍ദേശിക്കുന്നത്.
അത്തരത്തില്‍ സമാഗതമാകുന്ന ഒരു അവസരം എന്തുകൊണ്ട് ഉപയോഗിക്കുന്നില്ലെന്ന നിര്‍ണായകമായ ചോദ്യവും തരൂര്‍ ഉയര്‍ത്തിയിട്ടുണ്ട്.
തങ്ങളുടെ അക്കാലത്തെ ചെയ്തികള്‍ക്ക് ന്യായീകരണം നല്‍കി കോളനിക്കാലത്തെ മഹത്തായ ഒരു കാര്യമായി ചിത്രീകരിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിക്കുന്നുണ്ടെന്നും എഴുത്തുകാരന്‍ കൂടിയായ തരൂര്‍ കുറ്റപ്പെടുത്തുന്നു. നീണ്ട 200 വര്‍ഷത്തോളം ഇന്ത്യക്കാരോട് ചെയ്ത് കൂട്ടിയ വിവിധ തെറ്റുകള്‍ക്ക് ബ്രിട്ടീഷുകാര്‍ ഒരിക്കല്‍ പോലും പശ്ചാത്താപം പ്രകടിപ്പിക്കാത്തതില്‍ തനിക്കേറെ ഉത്കണ്ഠയുണ്ടെന്നും തരൂര്‍ പറയുന്നു.
ഇന്ത്യയടക്കമുള്ള വിവിധ കോളനികളില്‍ നിന്നും തങ്ങള്‍ കൊള്ളയടിച്ച മുതലാണ് ഇന്ന് തങ്ങളുടെ പക്കലുള്ളതെന്ന് സമ്മതിക്കാന്‍ ബ്രിട്ടന്‍ ഇപ്പോഴും തയ്യാറല്ലെന്നും തരൂര്‍ ആരോപിക്കുന്നുണ്ട്.
Post Your Comments