ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയതയെ അപമാനിക്കുന്ന ആമസോണിനെതിരെ നടപടി ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്ത്യയുടെ ദേശീയചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ആമസോണിന്റെ നീക്കം രാജ്യത്തുടനീളം വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നേരത്തെ ഇന്ത്യന്‍ ദേശീയ പതാക ആലേഖനം ചെയ്ത ചവിട്ടി പുറത്തിറക്കിയതിന് പിന്നാലെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം പ്രിന്റുചെയ്ത ചെരിപ്പും പുറത്തിറക്കിയാണ് ആമസോണ്‍ വിവാദത്തിലായിരിക്കുന്നത്.
ഓണ്‍ലൈന്‍ സ്റ്റോറിലൂടെ മഹാത്മാ ഗാന്ധിയുടെ ചിത്രം അച്ചടിച്ച ചെരുപ്പുമായി രംഗത്തെത്തിയ ആമസോണിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് രംഗത്തെത്തി. ഇന്ത്യയുടെ പ്രതീകങ്ങളെയും ബിംബങ്ങളെയും അപമാനിക്കുന്നതില്‍ നിന്ന് അകന്നുനിന്നില്ലെങ്കില്‍ ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇത്തരം നീക്കങ്ങള്‍ കമ്പനിക്കു നാശമുണ്ടാക്കുമെന്നും ശക്തികാന്ത് ദാസ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇന്ത്യന്‍ പതാക ചവിട്ടികളില്‍ ആലേഖനം ചെയ്ത് വില്‍ക്കുന്നതിനെതിരെ മന്ത്രി സുഷമാ സ്വരാജ് രംഗത്തെത്തിയിരുന്നു. ഇതോടെ ചവിട്ടി പിന്‍വലിച്ച ആമസോണ്‍ ഇപ്പോള്‍ ഗാന്ധിചിത്രമുള്ള ചെരിപ്പിന്റെ പേരിലും പുലിവാല് പിടിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മഹാത്മ ഗാന്ധിയുടെ ചിത്രമടങ്ങിയ ചെരിപ്പ് ആമസോണ്‍ വിപണിയില്‍ എത്തിച്ചത്. ഗാന്ധിയുടെ ചിത്രമുള്ള ചെരുപ്പിന് 1190 രൂപയാണ് ആമസോണ്‍ വിലയിട്ടിരിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ആമസോണ്‍ ചവിട്ടുമെത്ത പിന്‍വലിച്ചിരുന്നു.
Post Your Comments