പ്രാകൃതമായ വിശ്വാസാനുഷ്ഠാങ്ങളെ തുടര്‍ന്ന് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. വയറിളക്കം ശമിപ്പിക്കാനായി ഇരുമ്പ് കമ്പി പഴുപ്പിച്ചു ശരീരത്തില്‍ വച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. രാജസ്ഥാനിലെ ഭില്‍വാരാ ജില്ലയിലാണ് സംഭവം. ഇരുമ്പ് കമ്പി ഉപയോഗിച്ചു മുറിവുണ്ടാക്കുന്നത് തടസ്സപ്പെട്ടിരിക്കുന്ന രക്തധമനികള്‍ തുറക്കാന്‍ സഹായിക്കും എന്നാണ് ഭില്‍വാരയിലെ ഗ്രാമവാസികളുടെ വിശ്വാസം.രാഖാ അല്ലെങ്കില്‍ ദാഗ്ന എന്നാണ് ഈ ചികിത്സാ രീതിയുടെ പേര്.
വയറിളക്കം മാറ്റാൻ ഇരുമ്പ് കമ്പി പഴുപ്പിച്ച് ശരീരത്തിൽ മുറിവുണ്ടാക്കിയെങ്കിലും യാതൊരു ഫലവും ഉണ്ടാകാത്തതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അടിവയറ്റില്‍ പൊള്ളലിന്റെ പാടുകള്‍ ഉണ്ടായിരുന്നു എന്ന് ഡോക്ടർമാർ പറയുന്നു. ചികിത്സ ഉറപ്പ് വരുത്തിയെങ്കിലും പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം എല്ലാ മാസവും തങ്ങള്‍ക്ക് ഇത്തരത്തിലുള്ള രണ്ടോ മൂന്നോ കേസുകള്‍ പതിവാണ് എന്ന് അജ്മീര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലെ ശിശുരോഗവിദഗ്ധനായ ഡോ:പി.അഗവാള്‍ വ്യക്തമാക്കി. പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
Post Your Comments