തിരുവനന്തപുരം: വിമാനയാത്രക്കാരുടെ ബാഗുകള്‍ തുറന്ന് മോഷണം നടത്തുന്ന വിമാനത്താവള ജീവനക്കാരെ പിടികൂടി. വിമാനത്തില്‍ ക്യാമറ സ്ഥാപിച്ചാണ് മോഷ്ടാക്കളെ പിടികൂടിയത്. ഗ്രൗണ്ട് ഹാന്‍ഡിലിങ് ഏജന്‍സിയായ എയര്‍ ഇന്ത്യ സാറ്റ്‌സിലെ ജീവനക്കാരായ വള്ളക്കടവ് സ്വദേശി സമീര്‍(32), വലിയതുറ കൊച്ചുതോപ്പ് സ്വദേശി ടോം ഫെര്‍ണാണ്ടസ്(25) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.
തമിഴ്‌നാട് സ്വദേശിയായ അബിക് സലന്‍ ജോബിസ്റ്റന്റെ ബാഗില്‍നിന്ന് 17 ഗ്രാമിന്റെ സ്വര്‍ണവള, 60,000 രൂപയുടെ മൊബൈല്‍ ഫോണ്‍ എന്നിവ കാണാതായി. ഡിസംബര്‍ 17നായിരുന്നു സംഭവം.ദുബായില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരന്റെ ബാഗിൽ നിന്നാണ് മോഷണം പോയത്. ഇതുസംബന്ധിച്ച് എമിറേറ്റ്‌സ് വിമാനക്കമ്പനി അധികൃതര്‍ തിരുവനന്തപുരത്തും ദുബായിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. വീണ്ടും ഒരു യാത്രക്കാരന്റെ ബാഗില്‍നിന്ന് മൊബൈല്‍ ഫോണ്‍ കാണാതായതോടെ അധികൃതര്‍ക്കു സംശയമായി.
ഇതേതുടർന്ന് വിമാനത്തില്‍ കാര്‍ഗോ സൂക്ഷിക്കുന്ന ഭാഗത്ത് ലേസര്‍ ക്യാമറകള്‍ സ്ഥാപിച്ചു. ഓരോ ദിവസവും തിരുവനന്തപുരത്തു വന്നുപോകുന്ന ഈ വിമാനത്തില്‍നിന്ന് യാത്രക്കാരുടെ ലഗേജുകള്‍ മാറ്റുന്നതും തിരികെക്കയറ്റുന്നതുമായ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഈ ദൃശ്യങ്ങളില്‍നിന്നാണ് മോഷണം കണ്ടെത്തിയത്. ഇവ പിന്നീട് വലിയതുറ പോലീസിനു കൈമാറി.
ഇവർ യാത്രക്കാരുടെ ബാഗുകള്‍ പേനയുടെ നിബ്ബ് ഉപയോഗിച്ച് തുറക്കും. തുടർന്ന് വസ്തുക്കള്‍ മോഷ്ടിച്ച ശേഷം സിബ്ബ് പഴയരീതിയിലാക്കി വയ്ക്കും. വിലപിടിപ്പുള്ള വസ്തുക്കള്‍ ബാഗുകളിലുണ്ടെന്ന വിവരം എക്‌സ്‌റേ വിഭാഗം കൈകാര്യംചെയ്യുന്നവര്‍ ഇവരെ അറിയിക്കുമെന്നും പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ മോഷണം നടത്തുന്നത്. പിടിയിലായവരെക്കൂടാതെ മറ്റു ചില ജീവനക്കാര്‍ക്കും മോഷണത്തില്‍ പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതേക്കുറിച്ചും അന്വേഷിക്കുമെന്ന് വലിയതുറ എസ്.ഐ.എസ്.സതീഷ്‌കുമാര്‍ പറഞ്ഞു. മോഷ്ടിച്ച ഫോണ്‍ ബീമാപ്പള്ളിയിലെ കടയില്‍നിന്നും ആഭരണങ്ങള്‍ പ്രതികളുടെ വീട്ടില്‍നിന്നും പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ടി.അജിത് കുമാര്‍, പൂന്തുറ സി.ഐ. കെ.ബി.മനോജ്കുമാര്‍, എസ്.ഐ. ജയപ്രകാശ്, സി.പി.ഒ.മാരായ ടിനു, അജി എസ്., വിനോദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Post Your Comments