Kerala

ചാനലിലെ ഓഹരി തട്ടിപ്പ്; നികേഷും ഭാര്യയും കുടുങ്ങും

കൊച്ചി: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമസ്ഥനുമായ നികേഷിനും ഭാര്യയ്ക്കും ഇനി രക്ഷയില്ല. ഇവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസ് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയുടെ നടത്തിപ്പുകാരായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഓഹരി വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

തൊടുപുഴ സ്വദേശിനി ലാലിയ ജോസഫാണ് പരാതി നല്‍കിയിരുന്നത്. കേസ് റദ്ദാക്കണമെന്ന എം.വി.നികേഷ് കുമാറിന്റെയും ഭാര്യ റാണി വര്‍ഗീസിന്റെയും ആവശ്യം ഹൈക്കോടതി തള്ളി. പരാതിക്കാരിയുടെ ആരോപണം കഴമ്പില്ലാത്തതാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. ഒട്ടേറെ തര്‍ക്കവിഷയങ്ങളുള്ള കേസ് തെളിവുകളുടെ അടിസ്ഥാനത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

ലാലിയ ജോസഫ് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ തൊടുപുഴ ഡിവൈഎസ്പി പ്രാഥമിക അന്വേഷണം നടത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പണം തട്ടിയെടുക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഒന്നരക്കോടി രൂപ പണമായി ഇവര്‍ക്ക് നല്‍കിയിരുന്നു. ചാനലിന്റെ മുഖ്യ ഓഹരി ഉടമയാക്കാമെന്നും ഡയറക്ടറാക്കാമെന്നുമുള്ള വാഗ്ദാനമാണ് നല്‍കിയത്.

ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനലിന് ബാങ്ക് വായ്പയെടുക്കുന്നതിന് ലാലിയ ജോസഫ് വസ്തുവകകള്‍ ഈടുനല്‍കുകയും, ആ ഈട് ഉപയോഗിച്ച് 10 കോടി രൂപ ചാനല്‍ ബാങ്ക് വായ്പ എടുക്കുകയും ചെയ്തു. പരാതിക്കാരിയും നികേഷ് കുമാറും മാത്രമായിരിക്കും ഡയറക്ടര്‍മാര്‍ എന്നാണ് തുടക്കത്തില്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് നികേഷ് കുമാറും ഭാര്യയും ചേര്‍ന്ന് പരാതിക്കാരി അറിയാതെ കമ്പനിയുടെ ഓഹരി ഘടന മാറ്റുകയും തട്ടിപ്പ് നടത്തുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button