KeralaNews

കോളേജ് കോൺസെൻട്രേഷൻ ക്യാമ്പെന്ന് വിദ്യാർഥികൾ; ടോംസ് കോളേജിനെതിരെ ഗുരുതര ആരോപണം

കോട്ടയം: മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ഥിനികള്‍ രംഗത്ത്. കടുത്ത മാസികപീഡങ്ങങ്ങളാണ് അവിടെ നടക്കുന്നതെന്ന് വിദ്യാർഥികൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മാത്രമല്ല കോളേജ് ചെയര്‍മാന്‍ ടോം ജോസഫ് രാത്രികാലങ്ങളില്‍ വനിതാ ഹോസ്റ്റലില്‍ സ്ഥിരമായി എത്തുന്നുണ്ടെന്നും പറയുന്നു. കോളേജ് റിസപ്ഷൻ ജോലികൾ വിദ്യാർഥികളെ കൊണ്ടുചെയ്യിപ്പിക്കാറുണ്ട്. രാവിലെ രണ്ടു മണിക്കൂര്‍ രണ്ട് വിദ്യാര്‍ഥിനികള്‍ കോളേജിലെ റിസപ്ഷന്‍ ജോലി ചെയ്യണം. ചെയര്‍മാന്റെ മുറിയും മേശയും വൃത്തിയാക്കലും ഭക്ഷണം എത്തിച്ചു കൊടുക്കുന്നതും ഈ കുട്ടികളുടെ ജോലിയാണ്.

മാത്രമല്ല ഒമ്പത് മണിക്ക് റിസ്പഷന്‍ ഡ്യൂട്ടിയിലുള്ള സ്റ്റാഫ് എത്തുന്നതുവരെ ചെയര്‍മാന്റെ റൂമില്‍ ഇവര്‍ ഉണ്ടായിരിക്കണം. ഉച്ചയ്ക്കും ചെയര്‍മാനുള്ള ഭക്ഷണം എത്തിക്കേണ്ടതും ഈ കുട്ടികളാണ്.ഒരു ദിവസം സാമ്പാറിന് ഉപ്പ് കുറവാണെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയുടെ ദേഹത്ത് സാമ്പാര്‍ ഒഴിച്ചുവെന്നും സാമ്പാര്‍ മറിഞ്ഞ മേശ വൃത്തിയാക്കിച്ചിട്ടാണ് വിട്ടതെന്നും കുട്ടി പറഞ്ഞു.

കോളേജിലെ മാനസിക പീഡനം മൂലം ഒരു കുട്ടി ഫിനോള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പക്ഷെ ഈ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ കോളേജ് അധികൃതര്‍ തയ്യാറിയില്ലെന്നും കുട്ടി ആരോപിക്കുന്നു. ഇല്ലാത്ത ഫീസിന്റെ പേരില്‍ ജനുവരി രണ്ടിന് വയനാട്ടില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ഥിനികളെ വൈകുന്നേരം ആറു മണിക്ക് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയെന്നും കുട്ടി വെളിപ്പെടുത്തുന്നുണ്ട്. ക്രിസ്മസ് അവധിക്ക് ശേഷം കുട്ടികള്‍ തിരിച്ച് ഹോസ്റ്റലില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഫീസെല്ലാം നേരത്തെ അടച്ചതാണെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. വൈകിട്ട് ആറു മണിയോടെ മൂന്ന് കുട്ടികളേയും ഹോസ്റ്റലിന് പുറത്താക്കി. ഒടുവില്‍ ചില ബന്ധുക്കള്‍ എത്തിയാണ് കുട്ടികളെ രാത്രി കൂട്ടിക്കൊണ്ടു പോയതെന്നും കുട്ടി വെളിപ്പെടുത്തുന്നുണ്ട്.

ഹോസ്റ്റലിലെ പഠന സമയം വൈകുന്നേരം ആറു മണി മുതല്‍ 11 മണിവരെയാണ്. ചെയർമാൻ എല്ലാ ദിവസവും ഏഴു മണിയാകുമ്പോള്‍ ഹോസ്റ്റലിലെത്തും. പിന്നീട് പലതരത്തിലുള്ള ശകാരവും മാനസിക പീഡനവുമാണെന്നും വിദ്യാര്‍ഥിനി ആരോപിച്ചു. പഠിക്കാന്‍ പറ്റില്ലെങ്കില്‍ ബോംബെയ്ക്ക് പോയ്‌ക്കൊള്ളു. പെണ്‍കുട്ടികള്‍ക്കുള്ള പണി അവിടെ കിട്ടും തുടങ്ങിയ തരത്തിലാണ് ചെയര്‍മാന്‍ സംസാരിക്കുന്നത്. അവധിക്ക് വീട്ടില്‍ പോകുന്നത് കാമുകന്മാരെ കാണാനാണെന്ന് പറയുമെന്നും കുട്ടി പറയുന്നു.

വാർഡന്റെ ചുമതല സീനിയര്‍ വിദ്യാര്‍ഥിനികളെയാണ് ഏൽപ്പിക്കുന്നത്. ചെയര്‍മാനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ ഇവര്‍ ഉടന്‍ തന്നെ അത് ചെയര്‍മാനോട് പറയുമെന്നും ഈ കുട്ടി പറയുന്നുണ്ട്. ജൂനിയര്‍ വിദ്യാര്‍ഥിനികളെ സീനിയര്‍ കുട്ടികളെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. റാഗിംഗിനേക്കാള്‍ ഭീകരമാണിതെന്നും കുട്ടി പറയുന്നു. അതേസമയം കോളേജിനെക്കുറിച്ചുള്ള പരാതിയെത്തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ ഇന്ന് കോളേജില്‍ തെളിവെടുപ്പിന് എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button