സ്വന്തം ലേഖകന്‍
കോട്ടയം: ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെയര്മാന് ടോം ടി ജോസഫിനെതിരായ ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. ടോംസ് കോളേജില്‍ പഠിച്ച ഒരു പെണ്‍കുട്ടിക്ക് ഉണ്ടായ ദുരന്തത്തിന്റെ യാഥാര്‍ഥ്യം തുറന്നുപറയുകയാണ് ഒരു സംഘം പൂര്‍വ വിദ്യാര്‍ഥികള്‍. കോളേജില്‍ പഠിച്ച ജില എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സാഹചര്യമാണ് സഹപാഠികള്‍ വ്യക്തമാക്കുന്നത്.
ജിലയ്ക്ക് സംഭവിച്ചതെന്ത്? കളമശ്ശേരി പോളിടെക്നിക്കില്‍ നല്ല മാര്‍ക്കോടെ പഠിച്ച ജില 2005ലാണ് ടോംസ് കോളേജില്‍ എത്തുന്നത്. സ്കോളര്‍ഷിപ്പോടെയാണ് ജില അവിടെ എത്തുന്നത്. പഠിത്തത്തില്‍ നല്ല ഉത്സാഹം കാണിച്ചിരുന്ന ജിലയുടെ സന്തോഷം പെട്ടെന്നാണ് മാഞ്ഞു തുടങ്ങിയത്. ആരോടും മിണ്ടാറില്ല, എന്നും വിഷാദ ഭാവത്തിലിരിക്കും. സീനിയേഴ്സ് വിദ്യാര്‍ത്ഥികള്‍ അപവാദ കഥകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയതാണ് ജിലയെ മനോവിഷമത്തിലാക്കിയത്. ഒരുതരം റാഗിങ് ആയിരുന്നു പിന്നീട് നടന്നത്. സീനിയേഴ്സിനൊപ്പം കോളേജ് ചെയര്മാന് ടോമും ചേര്‍ന്നതോടെ കഥകള്‍ക്കു പൊടിപ്പും തൊങ്ങലും ചേര്‍ന്നു.
ജില സ്വപ്നത്തില്‍ പോലും അറിയാത്ത സംഭവങ്ങളാണ് കഥകളായി പ്രചരിച്ചത്. രാത്രി കാലങ്ങളില്‍ ചെയര്മാന് ഗേള്‍സ് ഹോസ്റ്റല്‍ സന്ദര്‍ശിക്കുന്ന അവസരങ്ങളില്‍ ഈ കഥകള്‍ പറഞ്ഞ് ജിലയെ ഉപദ്രവിച്ചിരുന്നു. ജിലയുടെ സ്വഭാവരീതികളിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് പിതാവ് കോളേജിലെത്തി. എന്നാല്‍ ഈ കുട്ടിക്ക് മാനസിക രോഗമാണെന്നും ചികിത്സിപ്പിക്കണമെന്നുമായിരുന്നു ചെയര്‍മാന്റെ നിര്‍ദേശം. ആശുപത്രിയില്‍ കാണിച്ച് അതിന്റെ രേഖ എത്രയും പെട്ടെന്ന് എത്തിക്കണമെന്നും അയാള്‍ അച്ഛനോട് പറഞ്ഞത്രേ.
ഒടുവില്‍ ചെയര്‍മാന്റെ വാക്ക് കേട്ട് അച്ഛന് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കി. മറ്റൊരുദിവസം രാത്രി ടോമും അദ്ദേഹത്തിന്റെ സഹോദരിയും ഹോസ്റ്റലില്‍ എത്തി. ഒരു കന്യാസ്ത്രീയും കൂടെ ഉണ്ടായിരുന്നു. അവര്‍ ജിലയെ നിര്‍ബന്ധിച്ച് ഒരു കാറില്‍ കയറ്റി കൊണ്ടുപോയി. കൗണ്‍സിലിംഗിന് കൊണ്ടുപോകുന്നു എന്ന വ്യാജേനയാണ് ജിലയെ കൊണ്ടുപോയത്. ഈ സംഭവത്തിനുശേഷം ആ കുട്ടി മുറിയില്‍നിന്ന് പുറത്തിറങ്ങാതെയായി. പിന്നീട് ജിലയുടെ അച്ഛനെ വരുത്തി കോളേജില്‍നിന്ന് പറഞ്ഞുവിടുകയായിരുന്നു.
സുഹൃത്തുക്കളുടെ മുഖത്തുപോലും നോക്കാതെ കോളേജ് ഹോസ്റ്റലില്‍ നിന്നും ഇറങ്ങിപോയ ജിലയെ ഇന്നും സഹപാഠികള്‍ ഓര്‍ക്കുന്നു. പിന്നീട് അറിഞ്ഞത് ജിലയുടെ അച്ഛന് ആത്മഹത്യ ചെയ്തുവെന്നാണ്. അച്ഛന് മരിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിന് അമ്മയും മകനും ബലി ഇടാന്‍ പോയ സമയത്ത് ജില അടുത്തുള്ള പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
Post Your Comments