KeralaNews

ഗുരുവായൂർ ദേവസ്വത്തിൽ അനധികൃതമായി സസ്‌പെൻഷൻ ചെയ്തതായി ആരോപണം

ഗുരുവായൂർ:ഗുരുവായൂർ ദേവസ്വത്തിൽ അനധികൃതമായി സസ്‌പെൻഷൻ നടന്നതായി ആരോപണം.ജനുവരി 9 നാണ് B4-253/17 നമ്പർ ഉത്തരവ് പ്രകാരം ഗുരുവായൂർ ദേവസ്വം ഇലക്ട്രിക്കൽ വിഭാഗം സെക്കന്റ് ഗ്രേഡ് ഓവർസിയറായ ഭവദാസ് കെ ആണ് സസ്പെൻഷനിലായത്. നെന്മിനി കോർട്ടേഴ്സിലെ ഒരു കോമൺ കണക്ഷന്റെ ബില്ലടക്കുവാൻ വൈകി എന്ന കാരണം കാണിച്ചായിരുന്നു ഇദ്ദേഹത്തെ അനധികൃതമായി സസ്പെന്റ് ചെയ്തത് .

കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ ഭരണഘടന വിരുദ്ധവും സർവ്വീസ് ചട്ടങ്ങളും ലംഘിച്ചാണ് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ ഈ തീരുമാനം എന്നാണു ജീവനക്കാരുടെ ആരോപണം.വ്യക്തിവൈരാഗ്യം തീർക്കാനാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്നാണ് ഭവദാസിന്റെ ആരോപണം. ദേവസ്വം മുൻ മെമ്പറും പല അഴിമതി കേസുകളിലും പ്രതിയുമായ എൻ.രാജുവിനെതിരെ ശക്തമായ രീതിയിൽ പ്രതികരിച്ച് വരുന്ന ഒരു വ്യക്തി എന്ന നിലയിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ഉന്നത തസ്തികയിൽ ജോലി ചെയ്ത് വരുന്ന ശ്രീ ഉല്ലാസ് , ശ്രീ.പി.രവീന്ദ്രൻ എന്നിവർക്ക് തന്നോട് കടുത്ത വൈരാഗ്യം ഉണ്ടെന്നാണ് ഭവദാസ് പറയുന്നത്.

ദേവസ്വം ഇലക്ട്രിക്കൽ വിഭാഗത്തിൽ യോഗ്യത ഇല്ലാതെ പ്രവർത്തിച്ച് വരുന്നവരെ ചീഫ് ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ മാനദണ്ഡം പാലിച്ച് പിരിച്ച് വിടണം എന്നും തരംതാഴ്ത്തണമെന്നും ആവശ്യപ്പെട്ട് ഭവദാസ് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഇത് പല ഉന്നത ഉദ്യോഗസ്ഥരെയും ബാധിക്കുന്നതാണ്.
ഗുരുവായൂർ കെ എസ് ഇ ബി – യിൽ ദേവസ്വത്തിന്റെ ഏതെങ്കിലും കണക്ഷന്റെ പണമടക്കാതെ വന്നാൽ അസിസ്റ്റന്റ് എൻജിനീയർ പി.രവീന്ദ്രനെ വിളിച്ചു പറയുകയാണ് പതിവ്.

ഗുരുവായൂർ ദേവസ്വത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഫ്യൂസ് ഊരിയത് സംബന്ധിച്ച് ഒരാൾ സസ്പെൻറ് ചെയ്യപ്പെടുന്നത്. ഗുരുവായൂർ ദേവസ്വത്തിൽ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയവരും അഴിമതിക്കാരും പെൺവാണിഭക്കേസിൽ പ്രതികളും ആൾമാറാട്ടം നടത്തിയവരും ജോലി ചെയ്ത് വരുന്നതിനെതിരെ പ്രതികരിക്കാത്തവരാണ് സത്യസന്ധരായ ജീവനക്കാർക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ടുവന്നിട്ടുള്ളത് എന്നാണു ഭവദാസിന്റെ ആരോപണം.പ്രതികാര നടപടിയാണ് സസ്‌പെൻഷൻ എന്നാരോപിച്ച് ഭവദാസ് നിയമനടപടിക്കൊരുങ്ങുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button