പാമ്പാടി നെഹ്‌റു എൻജിനീയറിങ് കോളേജിലെ വിദ്യാർഥിയായ ജിഷ്ണുവിന്റെ ആത്മഹത്യക്ക് പിന്നാലെയാണ് ആ കോളേജിൽ നടക്കുക്കുന്നതെന്തൊക്കെയെന്ന് പുറംലോകം അറിഞ്ഞു തുടങ്ങിയത്. ജിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷം മാനേജ്‌മെന്റിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. കോളെജില്‍ നിന്നുണ്ടായ പീഡനങ്ങളെത്തുടര്‍ന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ വാദം. നവമാധ്യമങ്ങളില്‍ പലതരത്തിലുള്ള പ്രതിഷേധങ്ങളും തുറന്നു പറച്ചിലുകളും ഇതിനകം ഉണ്ടായിട്ടുണ്ട്. അനാവശ്യമായ പിഴശിക്ഷകളുടേയും പീഡനങ്ങളുടേയും കഥകളാണ് ഇതിലൂടെ പുറത്തു വരുന്നത്.
മാത്രമല്ല കോളെജില്‍ നിലനില്‍ക്കുന്ന നിയമങ്ങളും മാനദണ്ഡങ്ങളും വിദ്യാര്‍ത്ഥികളെ മരണത്തിലേക്ക് നയിക്കുമെന്ന് സയിദ് ഷമിം എന്ന വിദ്യാര്‍ത്ഥി പറയുന്നു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ സയിദ് വിവരിക്കുന്നത്. കോളെജിന്റെ നിയമങ്ങളും മാനദണ്ഡങ്ങളും കാരണം സായിദും ആത്മഹത്യയെ കുറിച്ച് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്ന് പറയുന്നു. മൂന്ന് വര്‍ഷം അടിമയെ പോലെ ആ കോളേജിൽ പണിയെടുത്തിട്ടുണ്ടെന്നും സായിദ് വ്യക്തമാക്കുന്നു. പ്രതികരണശേഷി ഉള്ളിലൊതുക്കി കോളെജ് കാലം അവസാനിച്ച് കിട്ടാന്‍ ദിവസങ്ങള്‍ എണ്ണക്കഴിഞ്ഞ വ്യക്തിയാണ് ഞാനെന്നും സായിദ് പറഞ്ഞു. ക്ലാസിലേക്ക് കടന്നുവന്ന അധ്യാപകനെ നോക്കി ഗുഡ്‌മോണിംഗ് പറഞ്ഞ് ചിരിച്ച വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ കരണത്തടിച്ച് തെറി പറയുകയാണ് ചെയ്തത്. ഒരിക്കല്‍ ഒരു കൂട്ടുകാരന്റെ അച്ഛന്‍ മരിച്ചു. ദിവസങ്ങള്‍ക്ക് ശേഷം വന്ന അവനെ തോളില്‍ത്തട്ടി സ്വാന്തനിപ്പിച്ച ഒരു പെണ്‍കുട്ടിയെ ഒരു അധ്യാപകന്‍ ക്ലാസില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ട് പോയി. ആ കുട്ടി തിരിച്ച് വന്നത് കരഞ്ഞ് ക്ഷീണിച്ച അവസ്ഥയിലാണ്. വളരെ ചെറിയ ഒരു കാര്യത്തിനാണ് ഇത്രയും അനുഭവിക്കേണ്ടി വന്നത്. അപ്പോള്‍ ജിഷ്ണുവിന് ഇതിലും കൂടുതല്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകും. അത് അവന്റെ മുഖത്തുള്ള പാടുകളില്‍ നിന്നും വ്യക്തമാകുമെന്നും സായിദ് വ്യക്തമാക്കുന്നു.
പ്രത്യാഘാതങ്ങളെ ഭയമില്ലെന്ന് തുറന്ന് പറഞ്ഞുകൊണ്ട് പെരുമ്പാവൂര്‍ സ്വദേശിയായ ബിബിന്‍ ജേക്കബ് സാറ എന്ന മറ്റൊരു നെഹ്‌റു കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ഫെയ്‌സ്ബുക്ക് ലൈവുമായി രംഗത്തെത്തിയിരിക്കുന്നത്. ദിവസങ്ങളായി എല്ലാവരും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കോളേജിലെ ഇടിമുറിയുടെ നിജസ്ഥിതി എല്ലാവരേയും അറിയിക്കാനാണ് ഈ വീഡിയോ എന്ന് പറഞ്ഞു കൊണ്ടാണ് ബിബിന്റെ ഫെയ്‌സ്ബുക്ക് ലൈവ് ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും രീതിയില്‍ പ്രതികരിക്കാനോ സമരം ചെയ്യാനോ ശ്രമിച്ചാല്‍ അതെല്ലാം ശക്തമായി അടിച്ചമര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രതികരണ ശേഷി ഇല്ലാതാക്കാനാണ് നെഹ്‌റു ഗ്രൂപ്പ് ശ്രമിച്ചിരുന്നതെന്ന് ബിബിൻ പറയുന്നു. പല വിചിത്ര നിയമങ്ങളും അവിടെ നടക്കുന്നുണ്ട്. അവയിൽ ഒന്നാണ് കോളേജിന് പുറത്ത് വിദ്യാര്‍ത്ഥി ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയത്തിലിടപെട്ടാല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന കോളേജ് മാനേജ്‌മെന്റിന്റെ കർശന നിർദേശം. കോളെജിന് പുറത്ത് വിദ്യാര്‍ത്ഥി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ അച്ചടക്ക നടപടിക്ക് വിധേയമാകുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ വാര്‍ഷിക പുസ്തകം അടിവരയിടുന്നു.
നഗ്നനായ ഷോമാൻ മുതൽ കമ്പി കൊണ്ടടിക്കുന്ന വട്ടോളി വരെ ഈ കോളേജിൽ നിലനിൽക്കുണ്ട്. വട്ടോളി എന്ന് വിളിപ്പേരുള്ള അധ്യാപകൻ നിസാര കാര്യങ്ങൾക്ക് പോലും വിദ്യാർഥികളെ ഇരുമ്പുകമ്പി കൊണ്ടാണ് മർദിക്കുന്നത്. അതുപോലെ രാത്രികാലങ്ങളിൽ ഗേൾസ് ഹോസ്റ്റലിൽ നഗ്നരായി ഷോമാന്മാർ എത്തുന്നുണ്ട്. രാത്രിയാകുമ്പോൾ ഉടുമുണ്ട് തലയില്‍ കെട്ടി ഹോസ്റ്റലിന്റെ ജനാലയ്ക്ക് താഴെയായി അയാളെത്തും. വന്നപാടെ നഗ്നതാ പ്രദര്‍ശനം തുടങ്ങും. അശ്ലീല ആംഗ്യങ്ങളുമായാണ് ലേഡീസ് ഹോസ്റ്റലിന് സമീപത്തുള്ള ഇയാളുടെ നില്‍പ്പ്. ജനല്‍ അടച്ചിടുക മാത്രമാണ് ഇതില്‍ നിന്നും രക്ഷപെടാനുള്ള ഏക വഴി. എന്നാല്‍, അടച്ചിട്ടിരിക്കുന്ന ജനല്‍ ഇയാള്‍ കല്ലെറിഞ്ഞ് തകര്‍ക്കും. ഇത് വല്ലപ്പോഴും നടക്കുന്ന സംഭവമല്ലെന്നും പതിവാണെന്നും ഇവിടുത്തെ പെണ്‍കുട്ടികള്‍ പറയുന്നു. പെണ്‍കുട്ടികള്‍ ഇക്കാര്യം വാര്‍ഡന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും വാര്‍ഡന്‍ ഇത് മാനേജുമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അതിനൊക്കെ ഇവർ നൽകുന്ന വിശദീകരണം തികച്ചും വിചിത്രമാണ്.
താടി വളര്‍ത്തിയാല്‍, ചെരുപ്പിട്ടാല്‍, മുടി നീട്ടി വളര്‍ത്തിയാല്‍, ടാഗ് മറന്ന് പോയാല്‍, വൈകി വന്നാല്‍, പിറന്നാളിന് കേക്ക് മുറിച്ചാല്‍ തുടങ്ങി തൊട്ടതിനും പിടിച്ചതിനുമെല്ലാം കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളില്‍ ഫൈന്‍ ഈടാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതേയും ഇന്റേണല്‍ മാര്‍ക്ക് നല്‍കാതേയുമാണ് പീഡിപ്പിച്ചിരുന്നത്. ലക്ഷക്കണക്കിന് രൂപ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫൈനായി ഈടാക്കാറുണ്ടായിരുന്നുവെങ്കിലും ഇതിനൊന്നും തന്നെ രസീതോ ബില്ലോ നല്‍കിയിരുന്നില്ലെന്നും പറയപ്പെടുന്നു.
മാത്രമല്ല നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള വാണിയംകുളത്തെ മെഡിക്കൽ കോളേജിൽ അധികൃതർ പരിശോധനകൾക്കെത്തുമ്പോൾ രോഗികളെന്ന വ്യാജേനെ കിടത്തി ചികിത്സിക്കുന്നത് എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളേയും ജീവനക്കാരെയുമാണെന്ന് നെഹ്റു കോളേജിലെ ഒരു വിദ്യാർത്ഥി പറയുന്നു. അഡ്മിഷൻ കാർഡ് ആശുപത്രി വാണിയംകുളത്തെ നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള പി കെ ദാസ് മെഡിക്കൽ കോളേജിൽ പരിശോധനകൾക്കായി ആരോഗ്യ സംഘം എത്തുമ്പോഴാണ് വ്യാജ രോഗികളെ മാനേജ്മെന്റ് ഉണ്ടാക്കിയെടുക്കുന്നത്. വ്യാജ രോഗിയായി പോകുന്ന ദിവസം വിദ്യാർഥിക്കൾക്ക് അറ്റന്റൻസും , ബിരിയാണിയും മാനേജ്‌മെന്റ് നൽകും. ഇതാരോടെങ്കിലും വെളിപ്പെടുത്തിയാൽ പിന്നെ അവർക്ക് ഈ കോളേജിൽ പഠിക്കാനാകില്ലെന്നും വിദ്യാർത്ഥി പറയുന്നു. ഇങ്ങനെ നീളുന്നു കോളേജ് അധികൃതരുടെ ലീലാവിലാസങ്ങൾ.
തയ്യാറാക്കിയത് ആരതി കൃഷ്ണ ഡി.എച്ച്
Post Your Comments