തിരുവനന്തപുരം; സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥി പീഢനത്തെക്കുറിച്ച് പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന യുവജന കമീഷൻ തീരുമാനിച്ചു. യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം അറിയിച്ചതാണ് ഇത്.മാനേജുമെന്റുകൾ അച്ചടക്കത്തിന്റെ പേരുപറഞ്ഞ് വിദ്യാർഥികളെ മാനസികമായും ശാരീരികമായും പീഢിപ്പിക്കുന്നതിന്റെ ഭയപ്പെടുത്തുന്ന വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് യുവജന കമ്മീഷന്റെ ഈ തീരുമാനം.
സംസ്ഥാനത്തെ മെഡിക്കൽ എൻജിനീയറിങ് മേഖലകളിലാണ് പഠനം നടത്താൻ തീരുമാനം. വിദ്യാർഥിനികളുടെ ഹോസ്റ്റലുകളിൽ ഉൾപ്പെടെ പഠനം നടത്തും.മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുകയോ അച്ചടക്കത്തിന്റെ പേരിൽ നിഷ്ഠൂരമായ ശിക്ഷകൾക്ക് വിദ്യാർഥികളെ വിധേയമാക്കുയോ ചെയ്തെന്നു കണ്ടെത്തിയാൽ ഭാവിയിൽ വിദ്യാർത്ഥികൾക്ക് അതുണ്ടാവാതിരിക്കാനായി പ്രത്യേകം നിയമം രൂപീകരിക്കണമെന്ന് ആവശ്യപ്പെടും.
തൃശൂർ പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാർഥി ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് സംസ്ഥാന യുവജന കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോടും കോളേജ് അധികാരികളോടും വിശദീകരണം ആവശ്യപ്പെട്ടു. ഏഴു ദിവസത്തിനകം കമ്മീഷന് വിശദീകരണം സമർപ്പിക്കണം. പാമ്പാടി കോളേജിലെ ഹോസ്റ്റലിലെ വിദ്യാർഥിനികളെ ഹോസ്റ്റലിന് സമീപമെത്തി പുറമെ നിന്നുള്ളവർ അശ്ലീലം കാട്ടുന്നതായുള്ള മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.ഇതുസംബന്ധിച്ചും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം പറഞ്ഞു.
Post Your Comments