മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ കോട്ടുമല ടിഎം ബാബു മുസല്യാര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്ന് രാവിലെ 11 മണിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ കാളമ്പാടി ജുമ മസ്ജിദില്‍ മൃതദേഹം കബറടക്കി. ജനബാഹുല്യം കാരണം 42 തവണയാണ് മയ്യത്ത് നമസ്കാരം നടന്നത്. സമസ്തയുടെ പരമോന്നത സഭയായ മുശാവറയിലെ അംഗവും ഫത് വ കമ്മറ്റി കമ്മറ്റി കണ്‍വീനറും ഇഖ്റാ പബ്ളിക്കേഷന്‍സിന്റെ ചെയര്‍മാനുമായിരുന്നു. തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്ത ഹജ്ജ് കമ്മറ്റി ചെയര്മാന് എന്ന നിലയില്‍ ശ്രദ്ധേയനാണ്.
ബാബു മുസല്യാരുടെ നിര്യാണത്തില്‍ രാഷ്ട്രീയ – സാമുദായിക- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. സാമൂഹിക സൗഹാര്‍ദ്ദത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നു ബാബു മുസല്യാരെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അനുസ്മരിച്ചു. ബിജെപി നേതാക്കളായ കെ സുരേന്ദ്രന് , സെക്രട്ടറി അഡ്വ.എ കെ നസീര്‍ , ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ജനറല്‍ സെക്രട്ടറി കെ.എ സുലൈമാന്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പിലആര് രശ്മില് നാഥ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
Post Your Comments