കോട്ടയം: കര്‍ഷകരില്‍നിന്നു സംഭരിച്ച നെല്ലിനു പകരം ഗുണനിലവാരം കുറഞ്ഞ അരിയില്‍ നിറവും മായവും ചേര്‍ത്തു നല്‍കുന്നുവെന്ന് പരാതി. പരാതി ശക്തമായതോടെ പരിശോധനയുമായി ഭക്ഷ്യമന്ത്രി രംഗത്തെത്തി. കോട്ടയത്തെ സ്വകാര്യ മില്ലില്‍ ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനയാണ് നടത്തിയത്. പരിശോധനയില്‍ ക്രമക്കേടു കണ്ടെത്തിയതിനെത്തുടര്‍ന്നു ആര്‍പ്പൂക്കര റാണി റൈസ് മില്‍ പൂട്ടാന്‍ കലക്ടര്‍ ഉത്തരവിട്ടു. പരിശോധനയില്‍ അമ്പത് ടണ്ണിലധികം ഭക്ഷ്യയോഗ്യമല്ലാത്ത അരിയും നിലവാരം കുറഞ്ഞ നെല്ലും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസമാണ് ഭക്ഷ്യമന്ത്രി പി.തിലോത്തമന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം മില്ലില്‍ മിന്നല്‍ പരിശോധനയക്കെത്തിയത്. കര്‍ഷകരില്‍നിന്നു സര്‍ക്കാര്‍ സംഭരിച്ച് നല്കുന്ന നെല്ലുകുത്തി അരിയാക്കി പൊതുവിതരണത്തിനായി നല്‍കുന്നതിനുള്ള അനുമതി ഈ മില്ലിനും നല്‍കിയിരുന്നു. മില്ലില്‍ റേഷന്‍ അരിയുടെ മറവില്‍ വന്‍തോതില്‍ അരിയില്‍ മായം ചേര്‍ക്കുന്നുണ്ടെന്നു നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കെത്തിയത്.
പരിശോധനയില്‍ മില്ലിനുള്ളിലെ ഗോഡൗണില്‍നിന്നും മായം ചേര്‍ക്കാനായി ശേഖരിച്ചിരുന്ന ഗുണനിലവാരമില്ലാത്ത അരി കണ്ടെത്തി. ഉപയോഗ ശൂന്യമായ ചാക്കുകണക്കിന് അരി ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്നതായും മന്ത്രി കണ്ടെത്തി. ഈ അരി പിന്നീട് പോളിഷ് ചെയ്ത് റേഷന്‍ അരി എന്ന പേരില്‍ വിറ്റഴിക്കാനായിരുന്നു നീക്കം.
തുടര്‍ന്നു ഗോഡൗണിനുള്ളില്‍ പരിശോധന നടത്തിയ മന്ത്രിക്ക് അരിയില്‍ ചേര്‍ക്കുന്നതിനുള്ള നിറവും ഗുണനിലവാരം കുറഞ്ഞ തമിഴ്നാട്, ആന്ധ്ര, മൈസൂര്‍ എന്നിവിടങ്ങില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയും കാണാനായി. തുടര്‍ന്നു മന്ത്രി കലക്ടറെയും എ.ഡി.എമ്മിനെയും ജില്ലാ സപ്ലൈ ഓഫിസറെയും അടിയന്തരമായി വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തിലാണു മില്‍ പൂട്ടാന്‍ തീരുമാനമായത്. കര്‍ഷകരില്‍നിന്നും ശേഖരിക്കുന്ന നെല്ല് സംഭരിക്കുന്നതിനും കുത്തി അരിയാക്കി ചാക്കിലാക്കി കെമാറുന്നതിനും സിവില്‍ സപ്ലൈസ് വകുപ്പ് അടയാളപ്പെടുത്തിയിരിക്കുന്ന ഗോഡൗണിലാണ് റിജക്ടഡ് (ഭക്ഷ്യയോഗ്യമല്ല) എന്ന് മുദ്രചാര്‍ത്തിയ ആയിരക്കണക്കിന് ചാക്ക് അരി കണ്ടെത്തിയത്.
തുടര്‍ അന്വേഷണത്തിനായി ജില്ലാ സപ്ലൈ ഓഫിസറുടെയും ആര്.ഡി.ഒയുടെയും നേതൃത്വത്തിലുള്ള സംഘത്തെയും നിയോഗിച്ചു. കര്‍ഷകരില്‍നിന്നു ശേഖരിക്കുന്ന നെല്ല് കുത്തി അരിയാക്കി റേഷന്‍ വിപണിയില്‍ എത്തിക്കുന്നതിനാണു സര്‍ക്കാര്‍ മില്ലിനു അധികാരം നല്‍കിയിരുന്നത്. ഇതു മറികടന്ന് അരിയില്‍ വ്യാജനെ കയറ്റുകയായിരുന്നു മില്ലുകാര്‍ ചെയ്തിരുന്നതെന്നാണു പരാതി ഉയര്‍ന്നത്. കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന നെല്ല് കുത്തിയെടുക്കുന്ന മില്ലിന്റെ ബ്രാന്‍ഡില്‍ പൊതുവിപണിയില്‍ എത്തിക്കുകയും ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments