തൃശൂര്‍ : ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത തൃശ്ശൂര്‍ പാമ്പാടിയിലെ നെഹ്രു എഞ്ചിനീയറിങ് കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. നിസ്സാര കാര്യങ്ങള്‍ക്ക് പോലും കഠിനമായ ശിക്ഷയാണ് കോളേജ് നടപ്പാക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. മാനേജ്‌മെന്റിനെ ചോദ്യം ചെയ്യുന്നവരെ കോളേജിലെ പി.ആര്‍.ഒയുടെ നേതൃത്വത്തില്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ബെഞ്ചില്‍ ചാരിയിരുന്നതിന് അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് ഒരു വിദ്യാര്‍ത്ഥി പരസ്യമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.
ഇതിന് സമാനമായ അനുഭവങ്ങളാണ് കോളേജിലെ മിക്ക കുട്ടികള്‍ക്കും പറയാനുള്ളത്.
പേടികൊണ്ടാണ് മുഖം മൂടിവച്ച് സംസാരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അച്ചടക്കത്തിന്റെ പേരില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ തുക ഈടാക്കുന്നുണ്ടെന്നും ഇതിന്റെ പേരില്‍ പരീക്ഷയെഴുതാനുള്ള അവസരം നഷ്ടപ്പെട്ടവരും തങ്ങള്‍ക്കിടയില്‍ ഉണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
താടി വച്ചതിന് പരീക്ഷ എഴുതാനുള്ള അവസരം നിഷേധിച്ചെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു. മാനേജ്‌മെന്റിന്റെ നടപടിയെ ചോദ്യം ചെയ്യുന്നവരെ ഇടിമുറിയെന്ന് കുട്ടികള്‍ വിളിക്കുന്ന പി.ആര്‍.ഒയുടെ മുറിയില്‍ കൊണ്ട് പോയി മര്‍ദ്ദിക്കാറുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ചെറിയ കുറ്റങ്ങള്‍ക്ക് അന്വേഷണം പോലും നടത്താതെ പുറത്താക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നാണ് കോളേജ് മാനേജ്‌മെന്റിന്റെ വിശദീകരണം.
Post Your Comments