NewsInternational

കൂടെ കഴിയുന്ന കുടുംബാഗങ്ങള്‍ക്ക് ലെവി : പ്രവാസികള്‍ ആശങ്കയില്‍

റിയാദ്: സൗദിയില്‍ പ്രവാസി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തി മന്ത്രിസഭയുടെ പുതിയ തീരുമാനം. വിദേശ ജോലിക്കാരുടെ കൂടെ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ ലെവി ഏര്‍പ്പെടുത്തുന്നു. 100 റിയാല്‍ ഫീയാണ് ലെവിയായി ചുമത്തുന്നത്. ജൂലൈ മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരിക. മാസത്തില്‍ 100 റിയാലാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഇഖാമ പുതുക്കുന്ന വേളയില്‍ 1200 റിയാല്‍ ഒന്നിച്ച് മുന്‍കൂറായി നല്‍കണം. ഭാര്യയും മക്കളും അടക്കം എല്ലാ ആശ്രിതര്‍ക്കും ലെവി നിര്‍ബന്ധമാണ്. സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച 2017ലെ ബജറ്റിലാണ് വിദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് ഫീ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2017 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ലെവി 2018ല്‍ വര്‍ഷത്തില്‍ 2400 റിയാലായും 2019ല്‍ വര്‍ഷത്തില്‍ 3600 റിയാലായും 2020ല്‍ 4800 റിയാലായും വര്‍ധിപ്പിക്കും. പെട്രോളിതര വരുമാനം കൂട്ടുന്നതിന്റെ ഭാഗമായാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വിസ, റീ-എന്‍ട്രി ഫീസ് എന്നിവ വര്‍ധിപ്പിക്കുന്നതിന് പുറമെ കുടുംബാംഗങ്ങള്‍ക്ക് ലെവി കൂടി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ കുടുംബാംഗങ്ങളുടെ ഇഖാമ പുതുക്കുന്നത് സൗജന്യമാണ്.
വിദേശ ജോലിക്കാര്‍ ഒരു വര്‍ഷം നല്‍കുന്ന 2400 ലെവിക്ക് പുറമെയാണിത്. സ്വദേശികളുടെ എണ്ണത്തിന്റെ അനുപാതത്തില്‍ കൂടുതലുള്ള വിദേശികള്‍ക്കാണ് വര്‍ക്‌പെര്‍മിറ്റ് പുതുക്കുന്ന വേളയില്‍ ലെവി നല്‍കേണ്ടത്. ഇത് 2018 മുതല്‍ ഇരട്ടിയായി വര്‍ധിപ്പിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രവാസികള്‍ക്ക് അധിക ബാധ്യത വരുത്തിവെക്കുന്നതാണ് പുതിയ ഫീ. കൂടാതെ റീ എന്‍ട്രിക്ക് മാസത്തില്‍ 100 റിയാല്‍ എന്ന തോതില്‍ ഫീസ് ഏര്‍പ്പെടുത്തിയതും അധികബാധ്യതക്ക് കാരണമാവും. പഠനം, ചികിത്സ, പ്രസവം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ദീര്‍ഘ അവധിക്ക് നാട്ടില്‍ പോകുന്ന കുടുംബാംഗങ്ങള്‍ക്ക് സൗദിയില്‍ ഇഖാമ നിലനിര്‍ത്താന്‍ 1200 റിയാല്‍ വാര്‍ഷിക ലെവിക്ക് പുറമെ റീ-എന്‍ട്രി ഫീസായും 1200 റിയാല്‍ നല്‍കേണ്ടതായി വരും.. മന്ത്രിസഭയുടെ ബജറ്റ് പ്രഖ്യാപനം പുറത്തുവന്നയുടന്‍ ഭാര്യക്കും മക്കള്‍ക്കും പുതിയ നിയമം ബാധകമാവില്ലെന്നായിരുന്നു വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ കുടുംബ വിസയിലുള്ള എല്ലാ അംഗങ്ങള്‍ക്കും പുതിയ ഫീ നിര്‍ബന്ധമാണെന്ന പ്രഖ്യാപനം വന്നതോടെ പ്രവാസികള്‍ കടുത്ത ആശങ്കയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button