KeralaNews

ഐ.എ.എസുകാരുടെ കളി മുഖ്യമന്ത്രിയുടെ അടുത്ത് നടന്നില്ല: സമരം പൊളിഞ്ഞു

തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് കടുപ്പിച്ചതോടെ സര്‍ക്കാരിനെതിരെ ഐ.എ.എസുകാര്‍ പ്രഖ്യാപിച്ച സമരം പൊളിഞ്ഞു. ഐ.എ.എസുകാരെ വിജിലന്‍സ് കേസില്‍ കുടുക്കുന്നുവെന്നാരോപിച്ചാണ് സംസ്ഥാനത്തെ ഐ.എ.എസുകാര്‍ തിങ്കളാഴ്ച കൂട്ടയവധിയെടുത്ത് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച രാവിലെ ഐ.എ.എസുകാരുടെ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി കടുത്തനിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഗത്യന്തരമില്ലാതെ ഐ.എ.എസുകാര്‍ സമരം പിന്‍വലിക്കുകയായിരുന്നു.

പ്രതിഷേധം സർക്കാരിനെതിരെയല്ലെന്ന് ഐ.എ.എസ് ഉദ്യോഗസ്‌ഥർ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ പരാതികൾ പിന്നീട് പരിഗണിക്കാമെന്നും സമരം പിൻവലിക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ ആവശ്യത്തിന് ഐ.എ.എസ് അസോസിയേഷൻ വഴങ്ങി.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഐ.എ.എസ് ഓഫീസര്‍മാര്‍ യോഗം ചേര്‍ന്ന് ഒരു സമരരൂപം ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനെ സര്‍ക്കാര്‍ അതീവഗൗരവമായാണ് കാണുന്നത്. ഇതിനിടയാക്കിയ പ്രശ്നം വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ടതാണ്. സര്‍ക്കാര്‍ അന്വേഷണത്തിലിടപ്പെട്ട് ഏതെങ്കിലും വിധത്തില്‍ അതിനെ സ്വാധീനിക്കുവാന്‍ ശ്രമിക്കുന്നതല്ല. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കണമെന്നാണ് എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

ഐ.എ.എസ് ഓഫീസര്‍മാര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം ഇത് ആദ്യമായിട്ടല്ല സംസ്ഥാനത്ത് നടക്കുന്നത്. അത്തരം നടപടികളുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനും ഉണ്ടായിട്ടുണ്ട്. അന്വേഷണ നടപടിയെ വൈകാരികമായി കാണേണ്ടതില്ല.ഐ.എ.എസ്. ഇട്ടിരിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ്.

ഇതിനെതിരെ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സമരം ചെയ്യാന്‍ തീരുമാനിക്കുന്നത് ശരിയായ നടപടിയല്ല എന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സമരം ഏതെങ്കിലും രീതിയില്‍ പ്രഖ്യാപിച്ച് സര്‍ക്കാരിനെ വരുതിയിലാക്കാം എന്ന് കരുതണ്ട. ഭരണസിരാകേന്ദ്രത്തിലെ പ്രധാനികള്‍ സമരത്തിനായി മുന്നിട്ടിറങ്ങുന്നത് ഒരിക്കലും ഉണ്ടാകുവാന്‍ പാടില്ലാത്ത ഒരു കാര്യമാണെന്നും മുഖ്യമന്ത്രി പിന്നീട് പറഞ്ഞു.

വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ പ്രതിയാക്കിയ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിലപാടിനെതിരെയായിരുന്നു ഐ.എ.എസുകാരുടെ പ്രതിഷേധം. 14 ജില്ലാ കലക്ടര്‍മാര്‍ ഒഴികെയുള്ള ഐ.എ.എസുകാരാണ് തിങ്കളാഴ്ച അവധിയെടുത്തത്. സമരം പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഉടന്‍ ജോലിയ്ക്ക് ഹാജരാകാന്‍ ഐ.എ.എസുകരോട് ഐ.എ.എസ് അസോസിയേഷൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button