സ്വാശ്രയ എൻജിനീയറിംഗ് കോളേജിൽ നിന്നുണ്ടായ മാനസിക സമ്മർദ്ദവും പീഡനവും സഹിക്കാൻ പറ്റാതെ ദുരൂഹമായ നിലയിൽ മരണമടഞ്ഞ വിദ്യാർഥിയുടെ കാര്യത്തിൽ മാദ്ധ്യമങ്ങളും ചാനലുകളും നവമാദ്ധ്യമങ്ങളും വിവിധ വിദ്യാർഥി യുവജന സംഘടനകളും പുലർത്തുന്ന നിസ്സംഗത അൽഭുതപ്പെടുത്തുക തന്നെ ചെയ്തു . ഈ വിഷയത്തിൽ ഫേസ് ബുക്ക് എന്ന ഒരു മാദ്ധ്യമം ഇല്ലായിരുന്നു എങ്കിൽ ഇതു ഒരു സാധാരണ മരണം മാത്രമായി എപ്പോഴെ മാഞ്ഞു പോകുമായിരുന്നു .
ഒന്നുകിൽ രാഷ്ട്രീയമായി എതിർക്കാൻ സ്കോപ്പു ഉണ്ടാകണം . അല്ലെങ്കിൽ വടക്കേ ഇന്ത്യയിൽ ആയിരിക്കണം . അല്ലെങ്കിൽ ആരെങ്കിലും ഭരിക്കുന്നതിന്റെ കുഴപ്പം ആണു എന്ന രീതിയിൽ മാത്രമേ ഇന്നു ഏതു സംഭവവും ചർച്ച ചെയ്യപ്പെടുന്നു എന്നതു ഞെട്ടിപ്പിക്കുന്ന ഒരു യാഥാർഥ്യം ആണ്.
ഒറീസ്സയിലോ ചത്തീസ് ഗഡിലോ യൂ പീ യിലോ ഹര്യാനയിലോ ആന്ധ്രാ പ്രദേശിലോ ഡെൽഹിയിലോ ഗുജറാത്തിലോ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും മറ്റു കുറ്റകൃത്യങ്ങളും മാത്രമേ ചർച്ച ചെയ്യേണ്ട ആവശ്യം ഉള്ളൂ എന്ന രീതിയിൽ കാണാൻ തുടങ്ങുന്നതു അത്യന്തം ദുഖകരമാണ്.
വിദ്യാസമ്പന്നരുടെ നാടും രാഷ്ട്രീയ പ്രബുദ്ധതയുടെ നാടും വളരെയധികം സാമൂഹ്യ പുരോഗതി നേടിയ നാടും ഒക്കെ ആയ കേരളത്തിൽ റാഗിംഗ് ഒ തൊഴിൽ ചൂഷണമോ മനുഷ്യാവകാശ ലംഘനമോ ചികിൽസാ പിഴവോ കോഴ വാങ്ങലോ ശിശു മരണമോ ലോക്കപ് മർദ്ദനമോ സ്ത്രീ പീഡനമോ ഒക്കെ ഉണ്ടാകുമ്പോൾ കാര്യമായ ചർച്ചയോ നിയമ നടപടിയോ സർക്കാർ ഇടപെടലോ ഉണ്ടാകുന്നില്ല എന്നു കഴിഞ്ഞ കാല അനുഭവങ്ങൾ ചൂണ്ടിക്കാണിച്ചു പറയാൻ സാധിക്കും .
രാഷ്ട്രീയ പ്രാധാന്യം കിട്ടുന്നില്ലെങ്കിൽ ഒരു വിഷയവും പ്രധാനമല്ല എന്ന നിലയിലേക്കു മനുഷ്യാവകാശ ലംഘനങ്ങളും സ്ത്രീ പീഡനങ്ങളും മറ്റു ഗുരുതര കുറ്റകൃത്യങ്ങളും അപ്രധാനമാക്കുന്ന സമീപനം അതീവ ഗുരുതരമാണ് .
പ്രധാനപ്പെട്ട ഒരു കുറ്റകൃത്യം റിപ്പോർട്ട് ചെയ്താലുടൻ അതിൽ രാഷ്ട്രീയമോ ജാതിയോ സഭയോ മതമോ സ്വകാര്യ മാനേജ്മെന്റ് ആണോ സർക്കാർ ഉടമയാണോ എന്നൊന്നും പരിശോധിക്കാതെ ഉടൻ അന്വേഷണം നടത്താനും നടപടി എടുക്കാനും ഒരു ഭരണകൂടത്തിനു കഴിയണം . അവരെ അതിനു പ്രേരിപ്പിക്കാൻ കഴിയുന്ന രീതിയിൽ മാദ്ധ്യമങ്ങളും രാഷ്ട്രീയ സംഘടനകളും പൊതു സമൂഹവും പ്രതികരിക്കുകയും വേണം .
ഇതു രണ്ടാം തവണയാണു ” ഇടി മുറി” യുള്ള സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളേ പറ്റി വാർത്ത വരുന്നതു . അപ്പോൾ വാർത്തയിൽ വരാത്ത എത്രയോ ഇടിമുറികൾ ഇപ്പോഴും എവിടെല്ലാം പ്രവർത്തിക്കുന്നുണ്ടായിരിക്കണം
.
സ്വാശ്രയ സ്ഥാപനങ്ങളുടെ കുറ്റമറ്റ നടത്തിപ്പിനു ഒരു സമഗ്ര നിയമം വേണം എന്നു പറഞ്ഞു തുടങ്ങിയിട്ടു ദശകങ്ങൾ ആയി . നാളിതു വരെ മാറി മാറി വരുന്ന സർക്കാരുകൾ ആ വിഷയം ഒന്നു പഠിക്കാൻ പോലും സമയം കണ്ടെത്തിയിട്ടില്ല .
നാൾക്കു നാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും ദുരൂഹ മരണങ്ങളും ആത്മഹത്യകളും ഈ സർക്കാരിന്റെയെങ്കിലും കണ്ണു തുറപ്പിക്കും എന്നു കരുതാമോ ?
ശുഭദിനം .
Post Your Comments