തിരുവനന്തപുരം: നാളെ കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കാനൊരുങ്ങുന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്ക്കെതിരേ പ്രതിഷേധവുമായി ഇടതു സഹയാത്രികന് ചെറിയാന് ഫിലിപ്പ്. ഐ.എ.എസുകാര്‍ക്കെന്താ കൊമ്പുണ്ടോയെന്ന് ചോദ്യവുമായി ഫേസ്ബുക്കിലാണ് ചെറിയാന് ഫിലിപ്പിന്റെ പ്രതികരണം. ഐ.എ.എസുകാര്‍ സംഘടിതമായി കൂട്ട അവധി എടുക്കുന്നത് നിയമവ്യവസ്ഥിതിയോടുള്ള അസഹിഷ്ണത പൂണ്ട വെല്ലുവിളിയാണെന്നു ചെറിയാന് ഫിലിപ്പ് പറയുന്നു.
ചെറിയാന് ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
”ഐ.എ.എസുകാര്‍ക്ക് കൊമ്പുണ്ടോ? പഴയ ഫ്യൂഡല്‍ പ്രഭുക്കന്മാരെ പോലെ ഇവര്‍ ഒരു വരേണ്യ വര്‍ഗ്ഗമല്ല. ഐ എ എസുകാര്‍ സംഘടിതമായി കൂട്ട അവധി എടുക്കുന്നത് നിയമവ്യവസ്ഥിതിയോടുള്ള അസഹിഷ്ണത പൂണ്ട വെല്ലുവിളിയാണ്. ഭരണകൂടത്തെ ഭീഷണിപ്പെടുത്താന്‍ ഇവര്‍ക്ക് അവകാശമോ അധികാരമോ ഇല്ല. മസൂറിയില്‍ കുതിരകയറ്റത്തില് പരിശീലനം നേടിയത് ഭരണാധികാരികളുടെ മേല്‍ കുതിര കയറാനല്ല. രാജ്യത്തെ എല്ലാ പൊതുനിയമങ്ങളും ഐ.എ.എസുകാര്‍ക്കും ബാധകമാണ്. തെറ്റു ചെയ്യാത്തവര്‍ ഒരു അന്വേഷണ സംവിധാനത്തെയും ഭയപ്പെടേണ്ടതില്ല. എഫ്.ഐ.ആര് ഇട്ടാല്‍ ആരും കുറ്റവാളിയാകുന്നില്ല. കള്ളക്കേസാണെങ്കില്‍ അന്വേഷണ തുടര്‍ നടപടികളിലൂടെ അഗ്നിശുദ്ധി വരുത്താം. ഇന്നത്തെ ജനാധിപത്യ ഭരണ വ്യവസ്ഥയില്‍ നീതിന്യായ കോടതിയാണ് അന്തിമ വിധി കല്പിക്കേണ്ടത്.”
Post Your Comments