രാജ്യത്തെ നടുക്കുന്ന വാര്‍ത്തയുമായാണ് വീണ്ടുമൊരു പുതുവര്‍ഷ പുലരി കടന്നുപോയത്. പുതുവര്‍ഷാഘോഷത്തിനിടെ ബംഗലൂരുവില്‍ സ്ത്രീകള്‍ക്ക് നേരെ നടന്നത് കണ്ണില്‍ ചോരയില്ലാത്ത ലൈംഗിക പരാക്രമങ്ങളായിരുന്നു. രാജ്യത്തെ നാണിപ്പിക്കുന്ന വിധത്തിലായിരുന്നു അവിടെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ഇരുളിന്റെ മറവില്‍ ആക്രമണം നടന്നത്. സ്ത്രീക്കും പുരുഷനും തുല്യ അവകാശം, തുല്യ നീതി എന്നിവ വാക്കുകളില്‍ മാത്രമാണ് ഒതുങ്ങുന്ന കാഴ്ചയാണ് അന്ന് ബംഗലൂരുവില്‍ അരങ്ങേറിയത്. ഒരോ ദിവസവും സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചു വരുന്നത് കണ്ടില്ലെന്ന് നടിക്കുകയാണോ നാം ഓരോരുത്തരും. അതെയെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ട ബംഗലൂരുവിലെ ദൃശ്യം.
കമ്മനഹള്ളിയിലെ പൊതു നിരത്തില്‍ ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങിയ യുവതിയെ സ്‌കൂട്ടറില്‍ വന്ന രണ്ട് ചെറുപ്പക്കാര്‍ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്ന ഹീനമായ കാഴ്ചയായിരുന്നു അത്. ഏറ്റവും ദു:ഖകരമായ മറ്റൊരു കാര്യം പെണ്‍കുട്ടിയെ ആക്രമിക്കുന്നത് ബൈക്കിലും കാറിലുമുള്ള യാത്രക്കാര്‍ ആസ്വദിച്ച് കണ്ടു നില്‍ക്കുന്നതാണ്. ആരെങ്കിലും വന്ന് ആ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ സഹായിച്ചിരുന്നുവെങ്കില്‍ ആ അപമാനത്തില്‍ നിന്നും അവള്‍ക്ക് രക്ഷപ്പെടാനാകുമായിരുന്നു. പ്രതികരിയ്ക്കാന്‍ മറന്നു പോയോ നമ്മുടെ സമൂഹം? അങ്ങനെ ഒരു സമൂഹമായി പരിവര്‍ത്തനം ചെയ്‌തോ?
സമൂഹത്തിന്റെ അധികാരികള്‍ അല്ലെങ്കില്‍ അക്രമികളെ കൈകാര്യം ചെയ്യേണ്ട സര്‍ക്കാര്‍ പ്രതിനിധികള്‍ തന്നെ പെണ്‍കുട്ടികളെ കുറ്റപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് പശ്ചാത്യ രീതിയിലുള്ള വസ്ത്രധാരണമാണെന്ന കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ വിവാദ പ്രസ്താവനയും അതിനെതിരെ സ്ത്രീപക്ഷ സംഘടനകള്‍ രംഗത്തെത്തിയതും എല്ലാം ഈ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളാണ്. വസ്ത്രധാരണ രീതികൊണ്ടല്ല അതിക്രമങ്ങള്‍ ഉണ്ടാകുന്നതെന്ന് ഈ അധികാരികള്‍ എപ്പോഴാണ് സ്വയം തിരിച്ചറിയുന്നത്? നമ്മുടെ നാട്ടില്‍ പിഞ്ചുകുഞ്ഞുങ്ങളോടും 70ഉം 90ഉം വയസുള്ള വൃദ്ധകളേയും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാക്കുന്നത് അവരുടെ ഇറക്കം കുറഞ്ഞ വസ്ത്രധാരണമാണോ? പുരുഷന്‍മാരെ പ്രകോപിപ്പിക്കും വിധത്തിലാണോ അവരുടെ വസ്ത്രധാരണം? ഇതിനൊന്നും ആര്‍ക്കും ഉത്തരമില്ല. ഇവിടെ വായ് തുറക്കുന്നത് സ്ത്രീകളെ കുറ്റം പറയാന്‍ മാത്രമാണ്.
ബലാത്സംഗത്തിന് ഇരയാകുന്നത് സ്ത്രീയുടെ കുറ്റം കൊണ്ടോ അല്ലെങ്കില്‍ അവളുടെ വസ്ത്രധാരണം കൊണ്ടാണെന്നു കുറ്റപ്പെടുത്തുമ്പോള്‍ ഒരു കാര്യം ആലോചിയ്ക്കുക.. അവിടെ രക്ഷപ്പെടുന്നത്, ക്രിമിനല്‍ സ്വഭാവമുള്ള കുറ്റവാളിയാണ്. ആ കുറ്റവാളിയ്‌ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ സമൂഹത്തില്‍ ഇത്തരം തനിയാവര്‍ത്തനങ്ങള്‍ ഇനിയും സംഭവിയ്ക്കും. അത് ഇന്നല്ലെങ്കില്‍ നാളെ നമുക്കോ നമ്മുടെ വേണ്ടപ്പെട്ടവര്‍ക്കോ സംഭവിക്കാവുന്ന ഒരു കാര്യമാണ്.
നമ്മുടെ രാജ്യത്ത് ലൈംഗികാതിക്രമങ്ങള്‍ക്ക് തടയിടാനുള്ള ഒരു നിയമവ്യവസ്ഥ ഇല്ലാത്തതാണ് ഇതിനു കാരണം. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ ഉണ്ടായാല്‍ പിന്നെ പ്രതിയ്ക്ക് പുറംലോകം കാണാനാകില്ല. ഇത്തരത്തിലുള്ള കര്‍ശന നിയമവ്യവസ്ഥയാണ് നമ്മുടെ രാജ്യത്തും ആവശ്യം.
ഇവിടെ നമ്മുടെ ഈ കൊച്ചു കേരളത്തില്‍ സൗമ്യ-ജിഷ സംഭവങ്ങള്‍ ഇതിന് ഉദാഹരണം മാത്രം. ഗോവിന്ദച്ചാമിയും അമീര്‍ ഉല്‍ ഇസ്ലാമുമെല്ലാം തിന്ന് തടിച്ചു കൊഴിച്ച് ജയിലില്‍ ‘സുഖവാസത്തില്‍’ കഴിയുന്നു. ഇവരുടെ നല്ല നടപ്പ് നോക്കി കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവര്‍ പാട്ടും പാടി പുറത്തിറങ്ങി നടക്കുകയും ചെയ്യും. ഇതാണ് നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥ. ഇതിനിടെ സൗമ്യ വധക്കേസിലെ പ്രതി ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിയ്ക്ക് ഒരു കൈ കൂടി വെച്ചു കൊടുക്കാന്‍ ഡി.ജി.പിയ്ക്ക് നിവേദനം നല്‍കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടു. ഒറ്റക്കയ്യനായിട്ടാണ് സൗമ്യക്കു നേരെ ബലാത്സംഗത്തിന് ശ്രമിച്ചത്. ഇനി രണ്ട് കൈയ്യുംകൂടി ആയാലോ?
എന്തിനും ഏതിനും സ്ത്രീകളെ കുറ്റം പറയുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക.. ഇന്നല്ലെങ്കില്‍ നാളെ ഇത് നമ്മുടെ വീട്ടിലുള്ള സ്ത്രീകളും അക്രമത്തിനോ അപമാനത്തിനോ ഇരയായെന്നു വരാം. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കണ്ടു നില്‍ക്കാതെ പ്രതികരിയ്ക്കുക.. വ്യക്തിപരമായി നമ്മള്‍ ഓരോരുത്തരുടെയും പ്രതികരണവും പ്രതിഷേധവും ക്രമേണ ഈ സമൂഹത്തിന്റെ ഒന്നാകെയായി മാറും. ഈ പ്രതികരണങ്ങള്‍ കൊണ്ടുതന്നെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് തടയിടാനാകുമെന്ന് തീര്‍ച്ച.
പൂജ മനോജ്
Post Your Comments