KeralaNews

ആര്‍.സി.സിയില്‍ ഡോക്ടര്‍മാര്‍ സമരത്തില്‍

തിരുവനന്തപുരം: ചികില്‍സ നിശ്ചയിക്കുന്നതില്‍ പുതിയ മാനദണ്ഡം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ആര്‍.സി.സിയിലെ ഡോക്ടര്‍മാര്‍ സമരത്തില്‍. രോഗികളെ ബാധിക്കാതെ സമരം തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

പ്രതിഷേധത്തിന്റെ ഭാഗമായി ആശുപത്രി സൂപ്രണ്ടടക്കം ഭരണ നേതൃത്വത്തിലുള്ള ചില ഡോക്ടര്‍മാര്‍ സ്ഥാനമൊഴിഞ്ഞു . ഇതോടെ ആര്‍ സി സിയില്‍ ഭരണ പ്രതിസന്ധിയുമുണ്ടായി . അതേസമയം ചികില്‍സാ ക്രമത്തില്‍ മാനദണ്ഡമുണ്ടാക്കാനുളള തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി പ്രതികരിച്ചു.

കാലങ്ങളായി തുടര്‍ന്നിരുന്ന പരിശോധന രീതി ഒരുത്തരവിലൂടെ സര്‍ക്കാര്‍ മാറ്റുകയായിരുന്നു.

ചിലര്‍ക്ക് മുന്‍ഗണന കിട്ടത്തക്കവിധം പരിശോധനാ രീതികളില്‍ മാറ്റങ്ങളുണ്ടാക്കുന്നതാണ് പുതിയ ഉത്തരവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പെട്ടെന്നുള്ള മാറ്റം വരുത്തും മുമ്പ് ചര്‍ച്ചകളോ കൂടിയാലോചനകളോ നടന്നിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. ഇതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ സമരം. ഇതിനെ തുടര്‍ന്നാണ് ആശുപത്രി സൂപ്രണ്ട് , ഡെപ്യൂട്ടി സൂപ്രണ്ട്, റേഡിയേഷന്‍ ഓങ്കോളജി വകുപ്പ് മേധാവി , റിവ്യുബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ തല്‍സ്ഥാനങ്ങള്‍ രാജിവച്ചത്. എന്നാല്‍ പ്രതിഷേധം രോഗീ പരിചരണത്തെ ബാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഏത് തരം അര്‍ബുദത്തിനും ചികില്‍സ നിശ്ചയിക്കാന്‍ മാനദണ്ഡമുണ്ടെന്നും അത്തരമൊരു സംവിധാനം ആര്‍ സി സിയിലും ഉണ്ടാക്കുക മാത്രമാണ് ചെയ്തതെന്നും ആരോഗ്യസെക്രട്ടറി അറിയിച്ചു. മെഡിക്കല്‍ ഓങ്കോളജിസ്റ്റുകള്‍ അല്ലാത്തവര്‍ക്ക് കീമോതെറാപ്പി ചികില്‍സ നടത്താനാകില്ലെന്നും സെക്രട്ടറി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button