ന്യൂ ഡൽഹി : പ്രോ–റസ്‌ലിങ് ലീഗിനു കെ.ഡി.ജാദവ് റസ്‌ലിങ് സ്റ്റേഡിയത്തിൽ ഇന്നു തുടക്കമാകും. തിയേറ്ററുകളിൽ വിജയകരമായി ഓടുന്ന ഗുസ്തി പ്രമേയ ചിത്രം ദംഗലി’ന്റെ പശ്ചാത്തലത്തിലാണ് പ്രോ–റസ്‌ലിങ് ലീഗ് ഗോദയില്‍ എത്തുന്നത്. പുരുഷവിഭാഗത്തിൽ പ്രധാന താരങ്ങളെല്ലാം വിട്ടുനിൽക്കുന്നതിനാൽ വനിതാവിഭാഗത്തിലെ സൂപ്പർ പോരാട്ടങ്ങൾക്കായാണ് ആരാധകർ കാത്തിരിക്കുന്നത്.
റിയോ ഒളിംപിക്സിൽ വെങ്കലമെഡൽ നേടിയ സാക്ഷി മാലിക്, ദംഗൽ സിനിമയിലൂടെ പ്രശസ്തരായ ഫോഗട്ട് സഹോദരിമാർ എന്നിവർ തമ്മിലുള്ള പോരാട്ടമാണ് ലീഗിന്റെ മുഖ്യ ആകർഷണം. ഡൽഹി സുൽത്താൻസ്, യുപി ദംഗൽ, ഹരിയാന ഹാമ്മേഴ്സ്, പഞ്ചാബ് റോയൽസ്, മുംബൈ മറാത്തി, ജയ്പുർ നിഞ്ചാസ് എന്നീ ഫ്രാഞ്ചൈസികളാണു മത്സരിക്കാൻ എത്തുന്നത്.
ഡൽഹി സുൽത്താന്റെ താരമായി സാക്ഷിയും യുപി ദംഗലിന്റെ താരമായി ഗീതയും ഗോദയിൽ എത്തുന്ന ഡല്‍ഹി -യു പി പോരാട്ടം 15നായിരിക്കും നടക്കുക. പുരുഷവിഭാഗത്തിൽ ഒളിംപിക്സ് മെഡൽ ജേതാക്കളായ സുശീൽകുമാർ, യോഗേശ്വർ ദത്ത്, ഉത്തേജക വിവാദത്തിൽ അകപ്പെട്ട നർസിങ് യാദവ് എന്നിവരൊന്നും ഇത്തവണ മത്സരിക്കുന്നില്ല.
Post Your Comments