കൊച്ചി : വിദേശത്തു നിന്നു മടങ്ങിയെത്തുന്ന പ്രവാസികളുടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാരിന്റെ സമഗ്ര വായ്പാ പദ്ധതി. ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് ശേഷം സ്ഥിരമായി നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കും അത്തരം പ്രവാസികള്‍ ചേര്‍ന്നു രൂപീകരിക്കുന്ന കമ്പനി, ട്രസ്റ്റ്, സൊസൈറ്റി എന്നിവയ്ക്കുമാണു വായ്പയ്ക്ക് അര്‍ഹതയുള്ളത്. കാര്‍ഷികം, വ്യവസായം, കച്ചവടം, സേവനങ്ങള്‍, ചെറുകിട/ഇടത്തരം ഉത്പാദന സംരംഭങ്ങള്‍ എന്നീ സംരംഭങ്ങള്‍ക്കാകും വായ്പ നല്‍കുക. പരമാവധി ഇരുപത് ലക്ഷം രൂപ അടങ്കല്‍ മൂലധനചെലവ് വരുന്ന പദ്ധതിയില്‍ വായ്പാ തുകയുടെ 15% ശതമാനം ‘ബാക്ക് എന്‍ഡ്’ സബ്സിഡിയും ഗഡുക്കള്‍ കൃത്യമായി തിരികെ അടയ്ക്കുന്നവര്‍ക്ക് ആദ്യ 4 വര്‍ഷം 3% പലിശ സബ്സിഡിയും ബാങ്ക് വായ്പയില്‍ ക്രമീകരിച്ചു നല്‍കും.
മേഖലകള്‍
1. കാര്‍ഷിക – വ്യവസായം (കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്‌കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ)
2. കച്ചവടം (പൊതു വ്യാപാരം – വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍, കടകള്‍)
3. സേവനങ്ങള്‍ (റിപ്പയര്‍ ഷോപ്പ്, റസ്റ്ററന്റുകള്‍, ടാക്സി സര്‍വ്വീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)
4. ഉത്പാദനം – ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ലിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)
ബാങ്ക് നിബന്ധനകള്‍ക്കും ജാമ്യ വ്യവസ്ഥകള്‍ അനുസരിച്ചും ബാങ്കുമായുള്ള നോര്‍ക്ക റൂട്ട്സിന്റെ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചുമായിരിക്കും ലോണ്‍ അനുവദിക്കുക. മാസഗഡു മുടക്കുന്നവര്‍ക്ക് ബാങ്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മാസഗഡു അടച്ച് തീര്‍ത്താല്‍ മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു. http://registernorka.net/ndprem/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മുന്‍ഗണനാക്രമമനുസരിച്ച് സ്‌ക്രീന്‍ ചെയ്താവും പദ്ധതി ആനുകൂല്ല്യത്തിന് പരിഗണിക്കുക.
നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റസ് പദ്ധതിക്ക് അപേക്ഷിക്കാന്‍ താത്പര്യപ്പെടുന്ന യോഗ്യരായ പ്രവാസികള്‍ക്കും സംഘങ്ങള്‍ക്കും വെബ്സെറ്റില്‍ രജിസ്റ്റര്‍ ചെയ്യാനാവും. അപേക്ഷകന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പാസ്പോര്‍ട്ടിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ്, വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ്, ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സംരംഭത്തിന്റെ സംക്ഷിപ്ത വിവരണം എന്നിവ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് മേഖലാ ഓഫീസുകളില്‍നിന്നു ലഭിക്കും. തിരുവനന്തപുരം-0471 2329950, 2329951, കൊച്ചി-0484 2371810, 2371830, കോഴിക്കോട്-0495-2304882, 2304885. ടോള്‍ ഫ്രീ നമ്പര്‍ ഇന്ത്യയില്‍ നിന്ന്-1800-425-3939. വിദേശത്തു നിന്ന് – 0091-471-2333339.
Post Your Comments