തിരുവനന്തപുരം : കുട്ടി പൊലീസിന്റെ മാതൃകയില്‍ സ്‌കൂളുകളില്‍ പുതിയ സംരംഭം വരുന്നു. ഐ.ടി കുട്ടിക്കൂട്ടമാണ് എത്തുന്നത്. ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം എന്ന് പേരിട്ടിരിക്കുന്ന ഇതിലൂടെ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് കൊച്ചു മനസുകളില്‍ ബോധമുണ്ടാക്കുകയും കമ്പ്യൂട്ടറില്‍ പ്രാവണ്യം നല്‍കുകയുമാണ് ലക്ഷ്യം. വിവിധ ഭാഷാ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള അവസരം ലഭ്യമാക്കുക, ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വളര്‍ത്തുക തുടങ്ങിയവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ഒരു ലക്ഷം വിദ്യാര്‍ത്ഥികളെ ഈ വര്‍ഷം ഇതിന്റെ ഭാഗമാക്കും. അടുത്ത അദ്ധ്യയന വര്‍ഷം രണ്ടു ലക്ഷമാക്കും. ഇവര്‍ ക്രമേണ മറ്റു കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണവും പരിശീലനങ്ങളും നല്‍കുമെന്ന് ഐ. ടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ. ടി നെറ്റ്‌വര്‍ക്ക് ആയി ഇത് മാറും. ഓരോ സ്‌കൂളില്‍ നിന്നും കുറഞ്ഞത് ഇരുപത് കുട്ടികളെങ്കിലും പദ്ധതിയില്‍ അംഗങ്ങളാവണം.
ഓരോ സ്‌കൂളിലെയും കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. ഐ.ടി @ സ്‌കൂള്‍ പ്രോജക്ട് ഇത് തുടര്‍ച്ചയായി മോണിറ്റര്‍ ചെയ്യും. കുട്ടിക്കൂട്ടായ്മയുടെ സ്‌കൂള്‍തല പ്രവര്‍ത്തനങ്ങള്‍ പി.ടി.എ പ്രസിഡന്റ് ചെയര്‍മാനും ഹെഡ്മാസ്റ്റര്‍ കണ്‍വീനറും ആയ സമിതി ഏകോപിപ്പിക്കും. സ്‌കൂളിലെ ഐ. ടി കോര്‍ഡിനേറ്റര്‍മാര്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ക്ലാസ് സമയം നഷ്ടപ്പെടുത്താതെയാകും പ്രവര്‍ത്തനം. പദ്ധതിയില്‍ അംഗത്വം ലഭിക്കാന്‍ ആഗ്രഹിക്കുന്നവരുടെ പേര് സ്‌കൂള്‍ ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ ഐ.ടി @ സ്‌കൂള്‍ വെബ്‌സൈറ്റില്‍ ജനുവരി 24 നകം നല്‍കേണ്ടതാണ്. ഒന്നാം ഘട്ട പരിശീലനം മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കും.
Post Your Comments