Kerala

പ്രധാനമന്ത്രിയുടെ പുതുവര്‍ഷ പ്രഖ്യാപനത്തിനെതിരെ കോടിയേരി

തിരുവനന്തപുരം•വന്‍പ്രതീക്ഷ നല്‍കിയ ശേഷം പുതുവര്‍ഷത്തലേന്ന് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം രാജ്യത്തെ നിരാശപ്പെടുത്തുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്തുവെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

50 ദിവസംകൊണ്ട് എല്ലാ പ്രയാസങ്ങളും ഇല്ലാതാക്കുമെന്ന് വാദ്ഗാനം നല്‍കി നടപ്പാക്കിയ നോട്ട് നിരോധിക്കല്‍ വന്‍ ദുരന്തമായതിനാല്‍ ഇനിയും ജനങ്ങളെ കഷ്ടപ്പെടുത്തരുതെന്നും, നോട്ട് ദുരന്തത്തിന് പരിഹാരം കാണാത്ത തട്ടിപ്പ് പ്രഖ്യാപനമാണ് മോദിയുടേതെന്നും. മോദിയുടെ ചില്ലറ മേംപൊടി ആനുകൂല്യങ്ങള്‍കൊണ്ട് മറച്ചുവയ്ക്കാന്‍ കഴിയുന്നതല്ല നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യം നേരിടുന്ന വന്‍ പ്രതിസന്ധിയെന്നും കോടിയേരി പറഞ്ഞു.

1000, 500 രൂപ നോട്ട് പൊടുന്നനെ അസാധുവാക്കിയതുകൊണ്ട് എന്തുഗുണമുണ്ടായി എന്ന് വ്യക്തമാക്കുന്നതില്‍ മോദി പരാജയപ്പെട്ടു. ജനങ്ങള്‍ വിവരണാതീതമായ കഷ്ടപ്പാട് സഹിക്കുകയും സംസ്ഥാനങ്ങളെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിടുകയും ചെയ്ത സാമ്പത്തിക അടിയന്തരാവസ്ഥ ഹിമാലയന്‍ വിഢിത്തമാണെന്ന് തുറന്ന് പറയാനുള്ള സത്യസന്ധതയെങ്കിലും മോദി കാണിക്കണമായിരുന്നു. വലിയ നോട്ടുകളില്‍ തീവ്രവാദവും, പാകിസ്ഥാന്‍ ഏജന്റുമാരും, അധോലോകവും ഒളിഞ്ഞിരിപ്പുണ്ടെങ്കില്‍ എന്തുകൊണ്ട് ഈ നോട്ടുകള്‍ക്ക് പകരം 2000 രൂപ നോട്ട് അച്ചടിച്ച് ഇറക്കിയെന്ന് മോദി വ്യക്തമാക്കണം. അസാധുവാക്കപ്പെട്ട നോട്ടുകളില്‍ എത്രയെണ്ണം ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്ന് പ്രധാനമന്ത്രി പറയാതിരുന്നത് ലക്ഷ്യം പാളിയതുകൊണ്ടാണ്. ദരിദ്ര വിഭാഗക്കാരായ ഗര്‍ഭിണികള്‍ക്ക് 6000 രൂപ വാഗ്ദാനം ചെയ്യുന്ന പദ്ധതി യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് 53 ജില്ലകളില്‍ നടപ്പാക്കിയതാണ്. പാവപ്പെട്ടവര്‍ക്കുള്ള ഭവന വായ്പയിലെ പലിശയിളവ് നേരത്തെ തന്നെ ഉള്ളതാണെന്നും കോടിയേരി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ബാങ്കിംഗ് മേഖലയില്‍ ജനവിരുദ്ധമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്നതാണ് നാട് പൊതുവില്‍ ആവശ്യപ്പെടുന്നത്. നിക്ഷേപിച്ച തുകയും ശമ്പളവും മാറുന്നതിന് ഇനിയും അമാന്തം കാണിക്കുന്നത് ജനങ്ങളുടെ ക്ഷമയെ വെല്ലുവിളിക്കുന്നതാണ്. സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക നഷ്ടത്തിനും വൃക്തികള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനും പരിഹാരം കാണാന്‍ ഉള്ള നടപടിയാണ് ഗവണ്‍മെന്റ് സ്വീകരിക്കേണ്ടത്. ബാങ്കില്‍ നിക്ഷേപിച്ച പണം ആവശ്യാനുസരണം തിരിച്ചുകിട്ടുന്നതിന് ഏര്‍പ്പെടുത്തിയ എല്ലാ നിബന്ധനകളും എടുത്തുകളയേണ്ടതാണ്. ഈ ആവശ്യം നേടിയെടുക്കാനുള്ള തുടര്‍പ്രക്ഷോഭണം ഉയര്‍ന്നുവരണമെന്നു കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button