ന്യൂഡൽഹി: രാജ്യത്ത് കീഴടങ്ങുന്ന ഇടതു ഭീകരരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. മുൻ വർഷത്തെയപേക്ഷിച്ച് 2016ൽ മൂന്നിരട്ടി വർദ്ധനയാണുണ്ടായാതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മാത്രമല്ല ഇത് സാധാരണ ജനങ്ങളുടെയിടയിൽ നിന്നും പൊലീസിനു വിവരം ചോർത്തി നൽകുന്നവരുടെ എണ്ണവും വർദ്ധിച്ചു.
2016 ഡിസംബർ 16 വരെ ലഭ്യമായ കണക്കനുസരിച്ച് ഈ വർഷം 1,420 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. 2015ൽ 570ഉം, 2014ൽ 670ഉം, 2013ൽ 282ഉം മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. ആകെ 202 സാധാരണ ജനങ്ങളാണ് മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 115 പേർ പൊലീസിനു വിവരമെത്തിച്ചു നൽകിയിരുന്നവരായിരുന്നു. 2015ൽ മാവോയിസ്റ്റുകൾ വധിച്ച 156 സാധാരണക്കാരിൽ 85 പേർ പൊലീസിന് വിവരമറിയിച്ചു നൽകിയിരുന്നവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തെ 106 ജില്ലകളിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യമുളളത്. ഇതിൽ 36 ഇടങ്ങളിൽ മാവോയിസ്റ്റ് ശല്യം അതിരൂക്ഷമാണ്.
മാവോയിസ്റ്റ് ഭീകരതയുടെ രൂക്ഷത കുറയ്ക്കുന്നതിനായി പ്രത്യേക വികസന-സുരക്ഷാ പദ്ധതികൾക്ക് രൂപം നൽകിയിട്ടുളളതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നേതൃസ്ഥാനത്തുളള പല മാവോയിസ്റ്റുകളും അറസ്റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തത് ഇടതു ഭീകരരുടെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആക്രമണം അവസാനിപ്പിച്ചാൽ സന്ധിസംഭാഷണത്തിന് അവസരമൊരുക്കാമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നേരത്തേ മാവോയിസ്റ്റുകളോട് വ്യക്തമാക്കിയിരുന്നു. എന്തായാലും നക്സൽ ഭീകരതയ്ക്ക് കഴിഞ്ഞ 15-16 വർഷങ്ങളെ അപേക്ഷിച്ച് വ്യക്തമായ കുറവുണ്ടായിട്ടുളളതായി അദ്ദേഹം വ്യക്തമാക്കി. നിലവിൽ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments