Kerala

ആര്‍.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം•ഏകശിലാ രൂപത്തിലുള്ള മത, വര്‍ഗീയ ശാസനത്തിന്‍ കീഴില്‍ ഇന്ത്യയെ കൊണ്ടുവരാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സംഘപരിവാര്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് 77ാം സെഷന്റെ ഭാഗമായി കേരള സര്‍വകലാശാലാ സെനറ്റ് ഹാളില്‍ നടന്ന മതേതരത്വവും ആധുനിക ഇന്ത്യയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെ ഒരു പ്രത്യേക രീതിയില്‍ വാര്‍ത്തെടുക്കാനുള്ള ബോധപൂര്‍വമായ ഇത്തരം നീക്കങ്ങള്‍ സംഘപരിവാര്‍ ശക്തികള്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം നാം അഭിമുഖീകരിച്ചിട്ടുണ്ട്. വൈവിധ്യപൂര്‍ണമായ ഇന്ത്യന്‍ സംസ്‌കാരത്തെ ഏകമുഖ ഹൈന്ദവ സംസ്‌കാരമാക്കി രൂപാന്തരപ്പെടുത്താന്‍ ഇവര്‍ പല മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. അതില്‍ പ്രധാനം ചരിത്രത്തെ വളച്ചൊടിച്ച് തങ്ങളുടേതായ രീതിയില്‍ മാറ്റിയെഴുതുകയാണ്. ചരിത്രത്തെ തിരുത്തുക മാത്രമല്ല, വിദ്യാഭ്യാസ രംഗമാകെ കാവിവത്കരിക്കാനും ശ്രമം നടക്കുകയാണ്. ഏതെങ്കിലും ജനവിഭാഗം മാത്രമല്ല നമ്മുടെ രാജ്യത്തെയും സംസ്‌കാരത്തെയും വളര്‍ത്തിയെടുത്തത്.

രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും മതനിരപേക്ഷത പുലര്‍ത്തേണ്ടതുണ്ട്. എന്നാല്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുംവിധം സിലബസ് പോലും പൊളിച്ചെഴുതി അക്കാദമിക് സ്ഥാപനങ്ങളിലെ മതനിരപേക്ഷത ചോര്‍ത്തിക്കളയാനും ഇപ്പോള്‍ ശ്രമം നടക്കുകയാണ്. ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ സ്ഥിതപ്രജ്ഞരായ ചരിത്രകാരന്മാര്‍ സ്വാഭാവികമായാണ് ചരിത്രത്തെ പുനര്‍ വ്യാഖ്യാനിക്കേണ്ടത്. പുതിയ കണ്ടെത്തലുകള്‍ പുനര്‍ വ്യാഖ്യാനങ്ങള്‍ക്ക് അനിവാര്യമാണ്. എന്നാല്‍ ഇവിടെ അത്തരത്തിലുള്ള യാതൊരു കണ്ടെത്തലുകളും ഉണ്ടായിട്ടില്ല. പ്രമുഖ ചരിത്രകാരന്മാരാരും ഇത്തരമൊരുകാര്യത്തിന് മുന്നോട്ടു വന്നിട്ടില്ല. അധികാരത്തിലുള്ളവരുടെ താത്പര്യത്തിനും അവരുടെ ആജ്ഞയ്ക്കനുസരിച്ചുമാണ് ഇത്തരം അരുതാത്ത കാര്യങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നത്. സിലബസ് മുതല്‍ ചരിത്രം വരെ ഉപയോഗിച്ചുകൊണ്ട് പുതുതലമുറയെ വര്‍ഗീയതയിലേക്ക് നയിക്കാനുള്ള സംഘടിതമായ ശ്രമങ്ങളാണ് ഇതെല്ലാം. വര്‍ഗീയ ശക്തികളെ കുത്തിനിറച്ച ഒരു സ്ഥാപനമായി എന്‍സിഇആര്‍ടിയെ മാറ്റിയെടുത്തിരിക്കുന്നു.

റൊമീള ഥാപ്പറെയും ഡോ. കെ.എന്‍ പണിക്കരെയും ഇര്‍ഫാന്‍ ഹബീബിനെയും പോലുള്ള മതേതര ചരിത്ര പണ്ഡിതരെ ഒഴിവാക്കിയാണ് തത്പര കക്ഷികള്‍ വൈ. സുദര്‍ശന റാവുവിനെപ്പോലുള്ള സംഘപരിവാര്‍ വക്താക്കളെ ഉള്‍പ്പെടുത്തി ദേശീയ ചരിത്ര പഠന കൗണ്‍സില്‍ പുന: സംഘടിപ്പിച്ചത്. ചരിത്ര രംഗത്തെ സംഭാവനകളല്ല, സംഘപരിവാറിനോടുള്ള കൂറാണ് ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് നിഷേധിക്കാനും ചരിത്രവിരുദ്ധമായ കാര്യങ്ങള്‍ ഏറ്റുപറയാനും ഇവര്‍ക്ക് ധൈര്യം നല്‍കുന്നത്. ശാസ്ത്രബോധത്തെ പരിപോഷിപ്പിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്ന നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സയന്റിഫിക് ടെമ്പര്‍ പോലും ഇന്ന് ഭീഷണി നേരിടുന്നു. ഇന്ത്യന്‍ പീനല്‍കോഡും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡും മഹാഭാരതത്തിലെയും രാമായണത്തിലെയും സദാചാര മൂല്യങ്ങള്‍ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യണമെന്നു വരെ ഇക്കൂട്ടര്‍ പറയുന്നു. ഐസിഎച്ച്ആര്‍, പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ബുക്ക് ട്രസ്റ്റ് പോലുള്ള മതേതര സ്ഥാപനങ്ങളിലെല്ലാം സംഘപരിവാരിന്റെ ആശയങ്ങള്‍ നടപ്പിലാക്കാനും പ്രചരിപ്പിക്കാനുമാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രമുഖരായ സാംസ്‌കാരിക നായകരെയെല്ലാം സാംസ്‌കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പടിയിറക്കി. ഡിസംബര്‍ ഇരുപത്തിയഞ്ചിനു തന്നെ സദ്ഭരണ ദിനമായി ആചരിക്കാനാണ് ഇവര്‍ ആഹ്വാനം ചെയ്തിരിക്കുന്നതെന്നും മതേതരത്വവും ആധുനിക ഇന്ത്യയും എന്ന സെമിനാര്‍ അത്യന്തം കാലിക പ്രസക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം അഡ്വ. എ.എ. റഹിം, പ്രശസ്ത ചരിത്രകാരി പ്രൊഫ. റൊമീല ഥാപ്പര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി സയന്‍സസ് ഡയറക്ടര്‍ പ്രൊഫ. ജി. മോഹന്‍ ഗോപാല്‍, മാഗ്‌സെസെ പുരസ്‌കാര ജേതാവ് ടി.എം.കൃഷ്ണ, കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ എന്‍. വീരമണികണ്ഠന്‍, സിന്‍ഡിക്കേറ്റംഗം കെ.എസ്. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button