NewsIndia

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസ് എഴുതുന്നു :രാഹുല്‍ ഗാന്ധി രാജ്യത്തിനെപ്പോലെ പാര്‍ട്ടിയ്ക്കും ബാധ്യതയാവുന്നോ ? പ്രതിപക്ഷ നിരയിലെ വഴിയാധാരമായ സഖ്യശ്രമങ്ങളും നോട്ട് പിന്‍വലിയ്ക്കലിനുള്ള ജനകീയ സ്വീകാര്യതയും…

ഒരു നേതാവ് പ്രസ്ഥാനത്തിനുതന്നെ ബാധ്യതയാവുന്നത് അസാധാരണമായ കാര്യമാണ്. പ്രസ്ഥാനം നിലനിന്നുപോകാന്‍ കഷ്ടപ്പെടുമ്പോള്‍ അല്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ ബദ്ധപ്പെടുമ്പോള്‍ ഇത്തരത്തില്‍ ഒരു നേതാവ് രംഗത്തുവരുന്നത് വലിയ പ്രശ്‌നമാണ് ഉണ്ടാക്കുക എന്നത് അറിയാതെ പോയാലോ ?. ജനങ്ങള്‍ക്ക് മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ വാര്‍ത്താ പ്രാധാന്യം കിട്ടുന്നതിനായി അര്‍ത്ഥസത്യവും പൂര്‍ണ്ണ അസത്യവും കൂടി പറയുന്ന അവസ്ഥയായാലോ……. പറയുന്നവര്‍ക്കുമാത്രമല്ല അയാളുടെ പാര്‍ട്ടിക്കും അതിന്റെ കൂട്ടാളികള്‍ക്കും രാജ്യത്തിനും തന്നെ അത് തലവേദനയും പ്രശ്‌നങ്ങളും ഉണ്ടാക്കും. അതില്‍നിന്ന് തലയൂരാന്‍ പിന്നെ ഏറെ പ്രയാസപ്പെടേണ്ടതായി വരും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അടുത്തകാലത്തെ പ്രചാരണങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ ഇതൊക്കെയാണ് ഓര്‍മ്മയില്‍ വരിക. അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാത്തതാണോ അതോ പറഞ്ഞിട്ട് കാര്യമില്ലെന്നതാണോ അതോ ഇങ്ങനെയൊക്കെയാണ് വേണ്ടതെന്നു തീരുമാനിച്ചുറച്ചതാണോ എന്നതാണ് സംശയം. അതെന്തായാലും കോണ്‍ഗ്രസിന്റെ അവസ്ഥ ഓരോ ദിനം പിന്നിടുമ്പോഴും കൂടുതല്‍ കൂടുതല്‍ ദയനീയമായികൊണ്ടിരിക്കുന്നു.

കറന്‍സി റദ്ദാക്കിയതുമുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആകെ ആശങ്കയിലും വിഷമത്തിലുമൊക്കെയാണ് എന്നത് പലവട്ടം ചര്‍ച്ചചെയ്തതാണ്. സ്വരുക്കൂട്ടിവെച്ചതുമുഴുവന്‍ ഒഴുകിപ്പോയാലത്തെ ഒരവസ്ഥ എല്ലാവര്‍ക്കും മനസിലാവും. ഖജനാവ് കാലിയാവുന്ന ഒരു പ്രസ്ഥാനത്തിന്റെ ദയനീയതയും പറഞ്ഞറിയിക്കേണ്ടതില്ല. പലരെസംബന്ധിച്ചിടത്തോളവും അതൊരു ഇരുട്ടടിതന്നെയായിരുന്നു. ഒരു പക്ഷെ ഏറ്റവുമധികം ബാധിച്ചത് കോണ്‍ഗ്രസിനെയാവുമെങ്കിലും. ഇനിയെന്ത് എന്ന ചോദ്യം പലരെയും വല്ലാതെ അലട്ടുന്നുണ്ടായിരുന്നു എന്നത് കഴിഞ്ഞ ലോകസഭാ സമ്മേളനങ്ങളില്‍ ദൃശ്യമായിരുന്നുവല്ലോ. ആ നിരാശയും വിഷമവുമൊക്കെ പ്രദാനം ചെയ്ത നെഗറ്റീവ് എനര്‍ജി ആണ് രാഹുലിനെ പ്രധാനമന്ത്രിക്കെതിരെ തിരിയാന്‍ നിര്ബന്ധിതമാക്കിയത് എന്ന് കരുതുന്ന രാഷ്ട്രീയ നിരീക്ഷകര്‍ കുറച്ചൊന്നുമല്ല. നരേന്ദ്ര മോദിയെ ആക്രമിക്കുക മാത്രമാണ് മുന്നിലുള്ള പോംവഴിയെന്ന് അത്തരക്കാരൊക്കെ ചിന്തിക്കുന്നുണ്ടായിരുന്നു. മമത ബാനര്‍ജിയും കെജ്രിവാളും മായാവതിയും സിപിഎം നേതാക്കളുമൊക്കെ അലമുറയിട്ടുകരയുകയായിരുന്നുവല്ലോ. ചില തിരഞ്ഞെടുപ്പു റാലികള്‍ പോലും കെജ്രിവാള്‍ പൊടുന്നനെ റദ്ദാക്കിയതും ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്. ഭരണത്തിലേറിയിട്ട് കഷ്ടിച്ച് രണ്ടേമുക്കാല്‍ വര്‍ഷമായിട്ടും ഒരു അഴിമതിയാരോപണം പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത മോദിയെ നേരിടാന്‍ പക്ഷെ അവര്‍ക്കു വേണ്ടത്ര പടക്കോപ്പില്ലാതെപോയി. അതാവണം അവസാനം ആരോപണം തല്ലിക്കൂട്ടി എടുക്കാന്‍ നിര്‍ബന്ധിതമാക്കിയത് . അതാവട്ടെ ഒന്നൊന്നായി തിരിച്ചടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. പറഞ്ഞുവന്നതും അതുതന്നെയാണ്. രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങള്‍ തിരിച്ചടിക്കുന്നതിന്റെ ദൃശ്യങ്ങളെ സംബന്ധിച്ച്.

ഏതാനും നാള്‍ മുന്‍പ് സുപ്രീംകോടതിയില്‍ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഒരു ഹര്‍ജിയില്‍ അടങ്ങിയിരുന്നു കഥകളാണ് രാഹുല്‍ ഗുജറാത്തിലെ മെഹ്സാനയില്‍ തന്റെ കണ്ടുപിടുത്തം എന്നനിലക്കു പ്രസംഗിച്ചത്. അതില്‍നിന്നുതന്നെ രാഹുലിന്റെ നിലവാരം മനസിലാക്കാം. തന്റെ കയ്യില്‍ ഒരു ബോംബ് ഉണ്ടെന്നും വായതുറന്നാല്‍ ഭൂകമ്പമുണ്ടാവും എന്നുമൊക്കെ പറഞ്ഞുനടന്നയാള്‍ യഥാര്‍ത്ഥത്തില്‍ നനഞ്ഞ പടക്കമാണ് സൂക്ഷിച്ചിരുന്നതെന്ന് ഇന്ത്യ മനസിലാക്കി. അതിലുപരി സ്വന്തം ക്രഡിബിലിറ്റി, വിശ്വാസ്യത, എത്രമാത്രമുണ്ട് എന്നും അതിലൂടെ ആ കോണ്‍ഗ്രസ് നേതാവ് കാട്ടിത്തന്നു. പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിശോധിച്ച ജഡ്ജിമാര്‍ അതില്‍ കഴമ്പൊന്നുമില്ലെന്നും കേസ് അഡ്മിറ്റ് ചെയ്യാനുള്ള കാരണം കാണുന്നില്ലെന്നുമാണ് പറഞ്ഞത്. വെള്ളക്കടലാസില്‍ ആരെങ്കിലും എന്തെങ്കിലും കുറിച്ചുവെച്ചാല്‍ അത് അഴിമതി ആകുമെന്നും അത് തെളിവാകുമെന്നും കരുതുന്ന നിലയിലേക്ക് ചിലരെത്തിപ്പെട്ടാല്‍ എന്താണ് കോടതിക്ക് ചെയ്യാനാവുക. സുപ്രീം കോടതിയുടെ ഈ നിരീക്ഷണങ്ങള്‍ക്കുശേഷമാണ് രാഹുല്‍ അതുമായി പൊതുവേദിയിലെത്തിയത്. കോടതി നിരാകരിച്ച കാര്യങ്ങള്‍ പൊതുയോഗത്തില്‍ വിളമ്പി വലിയയാളാകാന്‍ ശ്രമിക്കുന്ന അവസ്ഥ. പണ്ട് നരസിംഹ റാവുവിന്റെ കാലഘട്ടത്തില്‍ എല്‍.കെ അദ്വാനിയെ കുടുക്കാന്‍ ഹവാല കേസ് പടച്ചതുപോലുള്ള ഒരു ശ്രമമായിട്ടേ ഇതിനെ കാണാന്‍ കഴിയൂ. അന്ന് എവിടന്നു കിട്ടിയ കുറെ കടലാസ് കഷണങ്ങള്‍ പൊക്കിക്കാട്ടി കൈക്കൂലിയും മറ്റും നല്‍കിയതിനുതെളിവായി സിബിയെക്കൊണ്ട് പറയിക്കുകയായിരുന്നുവല്ലോ. അത് അസത്യമാണെന്ന് കോടതിയില്‍ തെളിഞ്ഞു. ഇന്നിപ്പോള്‍ അതുപോലെ ചില കമ്പ്യൂട്ടര്‍ പ്രിന്റുകള്‍ കാണിച്ചുകൊണ്ട് പണം പറ്റിയെന്നും മറ്റും ആരോപിക്കുന്നു.

അന്ന് രാഹുല്‍ ചൂണ്ടിക്കാണിച്ചത് സഹാറ ഇന്ത്യയുടെത് എന്നുപറയുന്ന രേഖകളാണ്. രാജ്യമെമ്പാടുമുള്ള നിക്ഷേപകരെ പറ്റിച്ച സഹാറ ഗ്രൂപ്പിന്റെ തലവന്‍ സുബ്രതോ റോയിയെ സുപ്രീം കോടതിയാണ് ജയിലിലടച്ചത്. കോടതിമുമ്പാകെ അയാള്‍ നിരത്തിയ കള്ളത്തരങ്ങള്‍ക്കു ഒരു കയ്യും കണക്കുമില്ലായിരുന്നു. അത്തരക്കാരന്റെ ഏതുരേഖയെയാണ് വിശ്വസിക്കാന്‍ പറ്റുക എന്ന് കോടതിചോദിച്ചിരുന്നു. ഇന്നിപ്പോള്‍ ഒരു കാര്യം കൂടി വ്യക്തമായി. രാഹുലാണ് അതെ സഹാറയുടെ സഹായം യഥാര്‍ത്ഥത്തില്‍ കൈപ്പറ്റിയത്. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ അമേത്തിയില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി പോയത് അതെ സഹാറയുടെ വക വാഹനത്തിലാണ്. വെള്ള നിറത്തിലുള്ള ബോര്‍ഡുള്ള സ്വകാര്യ വാഹനം. UP 32 DZ 7000 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള വാഹനം. അത് സഹാറയുടേതാണ് എന്ന് കാണിക്കുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പുറത്തുവന്നിരിക്കുന്നു. ഇതിലേറെ തെളിവെന്തിന്?. അതുമാത്രമല്ല, മറ്റെന്തെല്ലാം രാഹുലും ജി സോണിയയും കോണ്‍ഗ്രസും ആ തട്ടിപ്പുകാരനില്‍ നിന്നും കൈപ്പറ്റിയെന്നത് ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. താമസിയാതെ അതും വെളിച്ചം കാണുമെന്നതില്‍ ആര്‍ക്കും സംശയംവേണ്ട. പറഞ്ഞുവന്നത്, രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവന്ന ആദ്യ ആക്ഷേപം തന്നെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു എന്നതാണ്. മറ്റൊന്ന്, പ്രശാന്ത് ഭൂഷണ്‍ തന്നെ പറയുന്നുണ്ട്, സഹാറയുടെ പണം പറ്റിയവരില്‍ ഷീല ദീക്ഷിത്തും ദിഗ്വിജയ് സിങ്ങും സല്‍മാന്‍ ഖുര്‍ഷിദും അടക്കമുള്ള അനവധി കോണ്‍ഗ്രസുകാരുണ്ട് എന്ന്. അതായതു കോണ്‍ഗ്രസുകാരുടെ ഒരു കൊയ്ത്തുകേന്ദ്രമായിരുന്നു സഹാറ!

അതിലേറെ രസകരമായത് ഷീല ദീക്ഷിത്തിന്റെ ഇതോടുള്ള പ്രതികരണമാണ്. രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ച സഹാറ ഇടപാടിനെക്കുറിച്ചുചോദിച്ചപ്പോള്‍ ‘ സഹാറയുടെ കണക്ക് ആരുവിശ്വസിക്കും ‘ എന്നാണ് ഷീല ദീക്ഷിത് പറഞ്ഞത്. അതിന്റെ യാഥാര്‍ത്ഥ്യമെന്താണ് ?. രാഹുലിന്റെ പ്രസ്താവനയില്‍ ഒരു കഴമ്പും ഗൗരവവുമില്ല എന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യു.പിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പറയുന്നത്. അതായത് രാഹുലിനെ കോണ്‍ഗ്രസ് പരസ്യമായി തള്ളിപ്പറയുകയല്ലേ?. ഇതിന്റെ പേരില്‍ ഷീല ദീക്ഷിതിനെതിരെ നടപടിക്ക് കോണ്‍ഗ്രസ് തയ്യാറാവുമോ?.
മറ്റൊന്നുകൂടിയുണ്ട്. ഇന്ത്യയിലെ ബാങ്കുകള്‍ക്ക് 4,600 കോടി നല്‍കാനുള്ള നവീന്‍ ജിന്‍ഡാലിന്റെ വക DL 3CBK0945 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനത്തിലാണ് രാഹുല്‍ ഇപ്പോള്‍ യു.പിയില്‍ തീര്‍ഥയാത്ര നടത്തുന്നത്. ജിന്‍ഡാലിന്റെ വൈദ്യുതി കമ്പനിയാണ് ഇത്രയും കോടികള്‍ നല്‍കാനുള്ളത്. കഴിഞ്ഞദിവസം ഇന്ത്യ വിട്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍പ്പുയര്‍ന്നിരുന്നു; അതിനെ തുടര്‍ന്ന് സുപ്രീം കോടതിയുടെ അനുമതിയോടെയാണ് ജിന്‍ഡാല്‍ രാജ്യം വിട്ടത്. എന്താണിത് കാണിക്കുന്നത്?. സഹാറയുടെ വാഹനം മാത്രമല്ല, സഹാറയുടെ മറ്റുതരത്തിലുള്ള സഹകരണം മാത്രമല്ല, ജിന്‍ഡാലിനെപ്പോലുള്ള ബാങ്കുകളെ കബളിപ്പിച്ചുനടക്കുന്ന വ്യവസായികളുടെ സഹായവും രാഹുലും പ്രഭൃതികളും പറ്റുന്നു എന്നാണല്ലോ ഇത് കാണിച്ചുതരുന്നത്. ഇതിന് കോണ്‍ഗ്രസ് എന്ത് മറുപടിയാണ് നല്‍കുക?.

ഇതൊക്കെ കഴിഞ്ഞപ്പോള്‍ എന്തുചെയ്യണം എന്നറിയാതെ നാലുപാടും ഓടുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ചെറിയ പ്രശ്‌നമല്ല; അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. അതിനിടയില്‍ ബി.ജെ.പിക്കെതിരെ പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നു എന്നുമാത്രമല്ല പ്രതിപക്ഷ കൂട്ടായ്മ ഉണ്ടാക്കാനുള്ള നീക്കങ്ങളും എവിടെയുമെത്തുന്നില്ല. രാഹുല്‍ ഗാന്ധിയാണ് പ്രതിപക്ഷ കക്ഷി നേതാക്കളെ മുഴുവന്‍ അണിനിരത്തിക്കൊണ്ട് മോഡിക്കെതിരെ ഭൂകമ്പമുണ്ടാക്കാവുന്ന തെളിവുണ്ടെന്ന് പറഞ്ഞത്. പിന്നീട് ഗുജറാത്തില്‍ ചെന്ന് പൊട്ടിച്ചതാവട്ടെ നനഞ്ഞ പടക്കവും. ആളുകള്‍ ചിരിക്കാന്‍ തുടങ്ങിയിട്ടും രാഹുലിനും സോണിയക്കും മനസിലായില്ല. ഇനിയും രാഹുലിന്റെ പിന്നാലെ നടന്നാല്‍ തങ്ങളും നാണക്കേടും എന്നസ്ഥിതിയായപ്പോള്‍ പ്രതിപക്ഷ യോഗം വിളിക്കാന്‍ സോണിയ തന്നെ ഇറങ്ങി. പക്ഷെ ആരും കൂടെവരാനില്ല. ഇപ്പോള്‍ മുഖ്യ പ്രതിപക്ഷ കക്ഷി ഏതവസ്ഥയില്‍ എത്തിയിരിക്കുന്നു എന്നത് വ്യക്തമാണല്ലോ .

അതിനിടയിലാണ് യു.പിയില്‍ സഖ്യത്തിന്റെ ചര്‍ച്ചകള്‍ വാര്‍ത്താമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. കോണ്‍ഗ്രസിനും അജിത്സിംഗിന്റെ ആര്‍.എല്‍.ഡിക്കുമായി പരമാവധി നൂറു സീറ്റുകള്‍ നല്‍കാമെന്നതാണ് മുലായം സിങ് യാദവിന്റെ നിലപാട്. അതില്‍ കോണ്‍ഗ്രസിന് നീക്കിവെക്കുക ഏതാണ്ട് എഴുപതു സീറ്റുകള്‍ എന്നതാണ് സൂചന. അതായത് യുപിയിലെ 404 മണ്ഡലങ്ങളില്‍ കഷ്ടിച്ച് ആറിലൊന്ന് കോണ്‍ഗ്രസിന് നല്‍കാമെന്ന്. വേണമെങ്കില്‍ ഒരു സഖ്യത്തിന് തയ്യാറായിക്കോളൂ എന്ന ആഹ്വാനവും മുലായം നല്‍കുന്നു. അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ മുലായത്തിനെ പ്രേരിപ്പിച്ചത് ബീഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറായതുതന്നെയാണ്. അവിടെ 243 സീറ്റില്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 40 എണ്ണമാണ്. എന്തൊരു ഗതികേടിലാണ് കോണ്‍ഗ്രസ് എത്തിപ്പെട്ടിരിക്കുന്നതു എന്നത് നോക്കൂ. യുപിയില്‍ തനിച്ചു മത്സരിക്കാന്‍ തീരുമാനിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയും ചെയ്തു. അവരാണ് ഇപ്പോള്‍ എങ്ങിനെയെങ്കിലും ചില ധാരണകള്‍ ഉണ്ടാക്കി തടി രക്ഷിക്കാന്‍ മുലായത്തിന്റെ പിന്നാലെ നടക്കുന്നത്. എന്തൊരു ഗതികേടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് വന്നുചേര്‍ന്നിരിക്കുന്നത് എന്നത് ആലോചിച്ചുനോക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button