NewsIndia

അടിമുടി മാറാൻ ഒരുങ്ങി പോലീസ് സേന; പൊലീസ് യൂണിഫോമിൽ മാറ്റം

പൊലീസിന്റെ യൂണിഫോമില്‍ മാറ്റം വരുന്നു. കാക്കികളറിന് പകരം എല്ലാ കാലാവസ്ഥയിലും ധരിക്കാവുന്നതും വിവിധ നിറങ്ങളോട് കൂടിയതുമായ വസ്ത്രമാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ജനുവരിയിൽ ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2012 ൽ യുപിഎ സര്‍ക്കാര്‍ പൊലീസ് വകുപ്പിനെ നവീകരിക്കുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ടുവെച്ച നിര്‍ദ്ദേശമായിരുന്നു പൊലീസ് വസ്ത്രത്തിന്റെ നിറംമാറ്റം. സ്വാതന്ത്ര്യത്തിന് മുമ്പുള്ള പൊലീസ് കാക്കി മാറ്റി കാലാവസ്ഥക്കനുയോജ്യമായ വസ്ത്രം കൊണ്ടുവരികയെന്ന ലക്ഷ്യം വൈകാതെ ഫലം കാണുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതിയ പൊലീസ് യൂണിഫോമിന്‍റെ ഡിസൈനുകള്‍ തയാറാക്കിയത് അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനാണ്. ചൂട് കാലത്തും തണുപ്പ് കാലത്തും ധരിക്കാന്‍ പ്രത്യേകം വസ്ത്രങ്ങളാണ് ഡിസൈന്‍ ചെയ്തിട്ടുള്ളതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

മാറ്റം സ്വീകരിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എങ്കിലും കേന്ദ്രതലത്തിലുള്ള ഒമ്പത് ലക്ഷം അര്‍ദ്ധസൈനിക ഉദ്യോഗസ്ഥര്‍ പൂര്‍ണമായും പുതിയ യൂണിഫോമിലേക്ക് മാറും. രാജ്യത്തെ പതിനാറ് ലക്ഷം വരുന്ന പൊലീസ് സേനയില്‍ കൊല്‍കത്തയുള്‍പ്പെടെ പലയിടങ്ങളിലും നേരത്തേ തന്നെചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കനമേറിയ ബക്കിളോട്കൂടിയ ബെല്‍റ്റും തൊപ്പിയുമൊക്കെ പുതിയ കാലത്തിന് അനുയോജ്യമല്ലെന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് മാറ്റം.

shortlink

Related Articles

Post Your Comments


Back to top button