ന്യൂഡല്‍ഹി : ആണവ പ്രഹരശേഷിയില്‍ ചൈനയെ ഇന്ത്യ കടത്തിവെട്ടി. ചൈനയ്ക്കു വെല്ലുവിളി ഉയര്‍ത്തിയാണ് ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്‌നി-5 പരീക്ഷിച്ചത്. ഒഡീഷ തീരത്തെ കലാം ദ്വീപില്‍ നിന്നാണ് ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ പരീക്ഷണം നടന്നത്. 2015ലാണ് അഗ്‌നി-5 ഇതിനു മുന്‍പു പരീക്ഷിച്ചത്. 2015 ജനുവരിയില്‍ നടത്തിയ പരീക്ഷണത്തില്‍ ചെറിയ ന്യൂനതകള്‍ കണ്ടെത്തിയിരുന്നു. ഇവ പരിഹരിച്ചതിനുശേഷമായിരുന്നു ഇന്നത്തെ പരീക്ഷണം.
അയ്യായിരത്തിലധികം കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യം ഭേദിക്കാനാവുന്ന മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയുണ്ട്. 17 മീറ്റര്‍ നീളവും 50 ടണ്ണിലേറെ ഭാരമുള്ളതാണു മിസൈല്‍. ചൈനയെ ആദ്യമായി പ്രഹരപരിധിയില്‍ കൊണ്ടുവന്നത് അഗ്‌നി മിസൈലാണ്.
അഗ്‌നിയുടെ പരിധിയില്‍ ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണമായും വരും. യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തൊനീഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ഈജിപ്ത്, സിറിയ, സുഡാന്‍, ലിബിയ, റഷ്യ, ജര്‍മനി, യുക്രെയ്ന്‍, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളെ പ്രഹരപരിധിയിലാക്കുമ്പോള്‍ യു.എസ്, ചൈന, ഫ്രാന്‍സ്, റഷ്യ എന്നീ വന്‍ശക്തികള്‍ക്കൊപ്പം ഇടം നേടാനും ഇന്ത്യയ്ക്കു വഴിയൊരുക്കുകയാണ് അഗ്‌നി-5.
അഗ്‌നി-5 മിസൈല്‍ റെയില്‍ വാഹനത്തിലും പടുകൂറ്റന്‍ ട്രക്കിന്റെ ട്രെയിലറില്‍ ഘടിപ്പിച്ചും സ്ഥാനം മാറ്റാം. കനിസ്റ്ററിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുപോകുമ്പോള്‍ ശത്രു ഉപഗ്രഹങ്ങള്‍ ഇതിന്റെ സ്ഥാനം കണ്ടെത്തുകയില്ല. ഇന്ത്യയുടെ ഏതു കോണില്‍ നിന്നു വിക്ഷേപിച്ചാലും ചൈനയുടെ ഏതു കോണില്‍ വരെയും പറന്നെത്താന്‍ കഴിയുന്ന മിസൈലാണ് അഗ്‌നി-5.
Post Your Comments