KeralaNews

152 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബ ആശുപത്രികളായി മാറും

തിരുവനന്തപുരം : സംസ്ഥാനത്ത് ആശുപത്രികള്‍ അടിമുടി മാറുന്നു. 152 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ‘കുടുംബാന്തരീക്ഷ ആശുപത്രി’കളാക്കി മാറ്റാനാണ് പദ്ധതി. എക്‌സ്‌റേ, ഇസിജി, ലാബ് സൗകര്യങ്ങളോടെ രണ്ടു ഡോക്ടര്‍മാരുടെയെങ്കിലും 24 മണിക്കൂര്‍ സേവനം ഉറപ്പാക്കിയാണു കുടുംബ ആശുപത്രികള്‍ വികസിപ്പിക്കുന്നത്. ഒരു റവന്യൂ ബ്ലോക്കില്‍ ഒന്നെന്ന കണക്കിലും നിയമസഭാ മണ്ഡലത്തില്‍ കുറഞ്ഞത് ഒന്നെന്ന കണക്കിലുമാണ് ഇവ വരുന്നത്.
ഇവിടത്തെ ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു ശേഷമേ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു റഫറന്‍സ് ലഭിക്കുകയുള്ളൂ. ഇ-ഹെല്‍ത്ത് സംവിധാനവുമായി ബന്ധിപ്പിക്കുന്നതോടെ ഓരോ ആശുപത്രിയിലും എത്തുന്ന രോഗികളുടെ എല്ലാ ആരോഗ്യ വിവരങ്ങളും ലഭ്യമാകുകയും ചെയ്യും.

കുടുംബ  ആശുപത്രി സംവിധാനത്തിലേക്കു മാറുന്നതിനു മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്. രോഗീ സൗഹൃദമാകണം അന്തരീക്ഷം. ഒ.പി ടിക്കറ്റ് എടുക്കാനുള്ള നീണ്ട ക്യൂ ഒഴിവാക്കുക, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിശ്രമ സൗകര്യം ഒരുക്കുക, മുലയൂട്ടുന്ന അമ്മമാര്‍ക്ക് അതിനു സൗകര്യമുള്ള പ്രത്യേക മുറികള്‍ ഒരുക്കുക, വൃത്തിയുള്ള ശൗചാലയങ്ങള്‍ ഒരുക്കുക തുടങ്ങിയവയാണു മാനദണ്ഡങ്ങള്‍.
രണ്ടു ഡോക്ടര്‍മാരുടെയെങ്കിലും സേവനം വേണ്ടി വരുമ്പോള്‍ ഇതിനായി പുതിയ തസ്തികകളും വേണ്ടി വരും. എത്ര തസ്തികയും ഫണ്ടും വേണ്ടി വരുമെന്നു സര്‍ക്കാര്‍ പിന്നീട് തിട്ടപ്പെടുത്തും. കുടുംബ ആശുപത്രികളാക്കി വികസിപ്പിക്കാന്‍ യോജിച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ എല്ലാ ഡിഎംഒമാര്‍ക്കും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. തലസ്ഥാനത്തു നിന്നു 14 പ്രാഥികാരോഗ്യ കേന്ദ്രങ്ങള്‍ ഈ ഗണത്തിലേക്കു തിരഞ്ഞെടുത്തിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്നുള്ള പട്ടികയും പൂര്‍ത്തിയായി. തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെയും സാമൂഹിക പങ്കാളിത്തത്തോടെയുമാകും പദ്ധതി നടപ്പാക്കുക.
ഇ-ഹെല്‍ത്ത് സംവിധാനവും ഒപ്പം നടപ്പിലാവുന്നതോടെ കുടുംബ ആശുപത്രിയില്‍ റജിസ്റ്റര്‍ ചെയ്യുന്ന ഓരോ രോഗിയുടെയും ആരോഗ്യ വിവരങ്ങളും അധികൃതര്‍ ശേഖരിക്കും.

shortlink

Post Your Comments


Back to top button