Gulf

സ്പോൺസർ ഹുറൂബിലാക്കി: നിയമക്കുരുക്കുകൾ അഴിച്ച് ശാന്തകുമാരി നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം•സ്പോൺസർ ഹുറൂബിലാക്കിയതിനാൽ നിയമകുരുക്കുകളിൽ അകപ്പെട്ട വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശിനിയായ ശാന്തകുമാരി, രണ്ടു വർഷങ്ങൾക്ക് മുൻപാണ് സൗദി അറേബ്യയിലെ ദമ്മാമിൽ ഒരു സൗദിഭവനത്തിൽ ജോലിക്കാരിയായി എത്തുന്നത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി കഠിനമായ ജോലിയും, , മോശം ജോലി സാഹചര്യങ്ങളുമാണ് അവർക്ക് നേരിടേണ്ടി വന്നത്. വന്നിട്ട് അഞ്ചു മാസം കഴിഞ്ഞിട്ടും ശമ്പളമൊന്നും കിട്ടിയില്ല. ചോദിച്ചപ്പോൾ ശകാരവും, മർദ്ദനവും അവർക്ക് നേരിടേണ്ടി വന്നു.

സഹികെട്ടപ്പോൾ ആരുമറിയാതെ ആ വീട്ടിൽ നിന്നും പുറത്തു കടന്ന ശാന്തകുമാരിയെ, ഒരു സുഹൃത്ത് മറ്റൊരു സൗദി ഭവനത്തിൽ ജോലിയ്ക്ക് കൊണ്ടു ചെന്നാക്കി. ആ വീട്ടിൽ സാഹചര്യങ്ങൾ മെച്ചമായിരുന്നു. ശമ്പളം കൃത്യമായി കിട്ടിയിരുന്നു. ഒന്നരവർഷം ശാന്തകുമാരി അവിടെ ജോലി ചെയ്തു. രണ്ടു വർഷമായപ്പോൾ നാട്ടിലേയ്ക്ക് തിരികെ പോകാൻ ശാന്തകുമാരി ആഗ്രഹം പ്രകടിച്ചപ്പോൾ, പുതിയ സ്പോൺസർ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടു ചെന്നാക്കി.

ശാന്തകുമാരിയുടെ പഴയ സ്പോൺസർ അവരെ ഹുറൂബിലാക്കിയിരുന്നു. അതിനാൽ നിയമക്കുരുക്കുകൾ കാരണം നാട്ടിൽ പോകാനാകാതെ നാല് മാസം അവർക്ക് വനിതാ അഭയകേന്ദ്രത്തിൽ കഴിയേണ്ടി വന്നു.

വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് ശാന്തകുമാരി സഹായം അഭ്യർത്ഥിച്ചു. മഞ്ജു നിയമനടപടികൾ പിന്തുടർന്ന്, വനിതാ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ശാന്തകുമാരിയ്ക്ക് എക്സിറ്റ് അടിച്ചു വാങ്ങുകയും, ഇന്ത്യൻ എംബസ്സി വഴി ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും ചെയ്തു.

നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ച്, ദമ്മാം ഇന്ത്യൻ എംബസ്സി ഹെൽപ്പ്ഡെസ്ക്ക് വോളന്റീർവിഭാഗം കൺവീനറും, ഹൈദ്രാബാദ്‌ അസോഷിയേഷൻ ഭാരവാഹിയുമായ മിർസ ബൈഗ്, ശാന്തകുമാരിയ്ക്ക് വിമാനടിക്കറ്റ് നൽകി.

തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ശാന്തകുമാരി നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button