ന്യൂഡല്‍ഹി : പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇന്ത്യ. പക്ഷേ, ഭീകരവാദികളെ പിന്തുണയ്ക്കുന്ന നടപടി അവസാനിപ്പിക്കുകയും സമാധാനമുള്ള അന്തരീക്ഷവും പാക്കിസ്ഥാന്‍ സൃഷ്ടിക്കുകയും വേണമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങളില്‍ സമാധാനപരമായ ഒത്തുതീര്‍പ്പാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വികാസ് സ്വരൂപ്.
നമ്മള്‍ ചര്‍ച്ചകള്‍ വേണ്ടെന്നുവച്ചിട്ടില്ല. പക്ഷേ, പാക്കിസ്ഥാന്‍ ഒരിക്കലും അതിനുവേണ്ടിയുള്ള സമാധാന അന്തരീക്ഷം സൃഷ്ടിച്ചിരുന്നില്ല. ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം.
ചര്‍ച്ചകള്‍ക്കുള്ള നല്ല അന്തരീക്ഷം സൃഷ്ടിക്കേണ്ടതും അവരാണെന്നും വികാസ് സ്വരൂപ് പറഞ്ഞു.
പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും ആക്രമണങ്ങളും വികാസ് സ്വരൂപ് ഉയര്‍ത്തിക്കാട്ടി. ‘അതിര്‍ത്തികളില്‍ എല്ലാ ദിവസവും നുഴഞ്ഞുകയറ്റശ്രമം ഉണ്ടാകുന്നു. ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്നു. അവര്‍ സൈനികരെ ആക്രമിക്കുകയാണ്. ഇതെല്ലാം അവസാനിപ്പിച്ച് സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെങ്കില്‍ പാക്കിസ്ഥാനുമായി ഏതു വിഷയത്തിലും ചര്‍ച്ചയ്ക്ക് ഇന്ത്യ തയാറാണ്’-വികാസ് സ്വരൂപ് വ്യക്തമാക്കി.
Post Your Comments