KeralaNews

ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തവരെ കോടതി വെറുതെ വിട്ടു : വായ്പ നല്‍കിയ മാനേജര്‍ക്ക് തടവ് ശിക്ഷയും പിഴയും

കൊച്ചി : ബാങ്ക് വായ്പ നല്‍കിയവര്‍ക്ക് തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടോയെന്ന് പരിശോധിക്കാതെ ലോണ്‍ നല്‍കിയ മാനേജര്‍ക്ക് തടവ് ശിക്ഷയും പിഴയും. അതേസമയം വായ്പ തിരിച്ചടയ്ക്കാത്തവരെ കോടതി വെറുതെ വിട്ടു. കൊച്ചിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.  ഇതോടെ ഉപഭോക്താക്കള്‍ക്ക് ലോണ്‍അനുവദിക്കുന്നതിന് ഇനി ബാങ്ക് മാനേജര്‍മാര്‍ കൂടുതല്‍ കരുതലെടുക്കും. തിരിച്ചടവിന് കഴിവുള്ളവര്‍ക്ക് മാത്രമേ ലോണ്‍ അനുവദിക്കൂ. അല്ലെങ്കില്‍ പണികിട്ടുമെന്ന് വ്യക്തമാക്കുന്നതാണ് എറണാകുളം സി.ബി.ഐ കോടതിയുടെ ഉത്തരവ്. ബാങ്ക് ചട്ടങ്ങള്‍ പാലിക്കാതെ 10 ലക്ഷം രൂപയുടെ ഭവനവായ്പ അനുവദിച്ച കേസില്‍ യൂണിയന്‍ ബാങ്ക് തൃശൂര്‍ ചേര്‍പ്പ് ശാഖയിലെ സീനിയര്‍ മാനേജരായിരുന്ന കെ.കെ.വിശ്വംഭരന് (70) എറണാകുളം സി.ബി.ഐ കോടതി ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചു. 50,000 രൂപ പിഴയും ഒടുക്കണം.
കേസിലെ രണ്ടും മൂന്നും പ്രതികളായ ചേര്‍പ്പ് കുന്നത്ത് വീട്ടില്‍ കെ.പി. ഫ്രാന്‍സിസ്, ഫിലോമിന എന്നിവരെ കോടതി വിട്ടയച്ചു.

ഇവരാണു ബാങ്കില്‍നിന്നു വായ്പയെടുത്തത്. തിരിച്ചടയ്ക്കാന്‍ രണ്ടും മൂന്നും പ്രതികള്‍ക്കു കഴിയുമോയെന്നു പരിശോധിക്കാതെ വായ്പ അനുവദിച്ചെന്നായിരുന്നു ആരോപണം. ഇടപാടുകാര്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരെയും വിട്ടയച്ചത്. മറ്റൊരു കേസിലും വിശ്വംഭരനെ കോടതി ഒരു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.
ബാങ്കുകള്‍ പലപ്പോഴും രേഖകളൊന്നും കൃത്യമായി പരിശോധിക്കാതെ ലോണ്‍ അനുവദിക്കാറുണ്ട്. ഇതാണ് കിട്ടാക്കടം കൂടാന്‍ കാരണമാകുന്നതും. അതുകൊണ്ടാണ് ഈ കേസിലെ വിധി നിര്‍ണ്ണായകമാകുന്നത്. ലോണ്‍ അടയ്ക്കാത്തവര്‍ക്ക് പ്രശ്‌നമില്ല. എന്നാല്‍ അനുവദിക്കുമ്പോള്‍ അവര്‍ക്ക് ലോണ്‍ അടയ്ക്കാനുള്ള കഴിവുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത ബാങ്ക് മാനേജരുടേതാവുകയും ചെയ്യുന്നു.

അതുകൊണ്ട് തന്നെ വലിയ വായ്പകള്‍ നല്‍കുമ്പോള്‍ മാനജര്‍മാര്‍ കരുതലുകള്‍ കൂടുതലായെടുക്കും. ഇത് വായ്പ നല്‍കലിനെ കുറക്കുമെന്ന വിലയിരുത്തലും സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button