കൊച്ചി: അച്ചടക്കരഹിതമായി പെരുമാറിയെന്ന പരാതിയില്‍ കേരളത്തിന്റെ മുൻ രഞ്ജി ക്യാപ്റ്റൻ സഞ്ജു വി. സാംസണെതിരെ കടുത്ത നടപടി ഉണ്ടാവില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. സഞ്ജുവിന്റെ മാപ്പപേക്ഷയും വിശദീകരണവും പരിഗണിച്ചാണ് തീരുമാനം. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് മോശമായി പെരുമാറിയതെന്നാണ് സഞ്ജു അന്വേഷണ സമിതിക്ക് മുന്‍പാകെ നല്‍കിയിരിക്കുന്ന വിശദീകരണം. വിശദീകരണം ആത്മാര്‍ത്ഥമാണെന്ന് കരുതുന്നതായും സംഭവം സഞ്ജുവിന്റെ കരിയറിനെ ദോഷകരമായി ബാധിക്കില്ലെന്നും പരാതി അന്വേഷിക്കുവാന്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ചുമതലപ്പെടുത്തിയ പ്രത്യേക സമിതി വ്യക്തമാക്കി.
ഇന്ത്യ എ ടീമിന് വേണ്ടി നന്നായി കളിച്ച തനിക്ക് രഞ്ജിയില്‍ കേരളത്തിനായി മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. അതിന്റെ നിരാശയിലും ദേഷ്യത്തിലുമാണ് അത്തരം സംഭവങ്ങള്‍ ഉണ്ടായത്. സഞ്ജു വിശദീകരിച്ചു. ഈ സീസണില്‍ സെഞ്ച്വറിയോടെ തുടങ്ങിയ സഞ്ജുവിന് പക്ഷെ പിന്നീട് കാര്യമായി തിളങ്ങാനായില്ല. ഏഴു മത്സരങ്ങളില്‍ നിന്ന് 334 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. സംഭവത്തില്‍ സഞ്ജു മാപ്പ് അപേക്ഷിച്ചതോടെ കടുത്ത നടപടികള്‍ വേണ്ടെന്ന നിഗമനത്തില്‍ കെസിഎ നേതൃത്വം എത്തിയിരുന്നു. ടി ആര്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതിയാണ് തെളിവെടുപ്പ് നടത്തിയത്. മാനസിക സമ്മര്‍ദ്ദത്തിന്റെയും തെറ്റിദ്ധാരണയുടേയും പുറത്താണ് സഞ്ജുവിന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായതെന്ന് അന്വേഷണ സമിതി വിലയിരുത്തി. മാത്രമവുമല്ല, സഞ്ജുവില്‍ നിന്നുണ്ടായ ആദ്യ സംഭവമാണ് എന്നതുകൂടി പരിഗണിച്ചാണ് കര്‍ശന നടപടികളിലേക്ക് പോകാത്തതെന്ന് ബാലകൃഷ്ണന്‍ വ്യക്തമാക്കി.
Post Your Comments