Kerala

ഇടത് സര്‍ക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : എറണാകുളം മഹാരാജാസ് കോളജില്‍ ചുവരെഴുതിയതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയത് സംഭവത്തില്‍ പൊലീസ് പിന്തുടരുന്നത് ഫാസിസ്റ്റ് സ്വഭാവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയുടെ അജണ്ടയാണ് പിണറായിയുടെ പൊലീസ് നടപ്പാക്കുന്നത്. വളരെ ഗൗരവമായ വിഷയത്തില്‍ ചുമത്തേണ്ട യു.എ.പി.എ പൊലീസ് ദുരുപയോഗം ചെയ്യുന്നത് സംഘപരിവാര്‍ ശക്തികളെ സഹായിക്കാനാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് പൂര്‍ണ്ണമായി നഷ്ടപ്പെട്ടുവെന്നാണ് ഇത് കാണിക്കുന്നത്. മുഖ്യമന്ത്രിക്ക് സമയമില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ഇടതു സര്‍ക്കാരിന്റെ കീഴില്‍ പൊലീസിന് എന്തും ചെയ്യാമെന്ന അവസ്ഥയാണ്. നാടക പ്രവര്‍ത്തകനായ കമല്‍ സി ചവറക്കെതിരയും നദീറിനെതിരെയും പൊലീസ് കൈക്കൊണ്ട നടപടി ഭരണപക്ഷത്ത് നിന്നുള്‍പ്പെടെ വ്യാപകമായ പ്രതിഷേധമുയരുകയും മുഖ്യമന്ത്രിക്ക് താക്കീത് നല്‍കുകയും ചെയ്തതിന്റെ തൊട്ടു പിന്നാലെയാണ് സമാന സ്വഭാവത്തിലുള്ള സംഭവം അരങ്ങേറിയത്. ഇടതു സര്‍ക്കാരിന്റെ കീഴില്‍ കുട്ടികള്‍ ചുവരെഴുത്ത് നടത്തുന്നതും കൊടിയ കുറ്റമാണോ?, സി പി എമ്മുകാരും എസ് എഫ് ഐക്കാരും ഇതുവരെ ചുവരെഴുത്തൊന്നും നടത്തിയിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ചുവരില്‍ കുട്ടികള്‍ എഴുതിയത് കവിതാ ശകലങ്ങളാണ്. ആവിഷ്‌കാര സ്വാതന്ത്രത്തിന് വേണ്ടി വാതോരാതെ പ്രസംഗിക്കുന്ന ഇടതുപക്ഷ ഭരണത്തിന് കീഴില്‍ തന്നെ ഇങ്ങനെ ഒരു സംഭവുമുണ്ടായത് അപമാനകരമാണ്. എന്ത് ചെയ്താലും പോലീസിനെ ചോദ്യം ചെയ്യപ്പെടാനാളില്ലാത്തത് ഇത് ആദ്യമാണ്. താന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ നടപടിയെടുത്ത നിരവധി. സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button