Kerala

വേണാട് എക്സ്പ്രസ് നിലമ്പൂര്‍ വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു

നിലമ്പൂര്‍•തിരുവനന്തപുരത്ത് നിന്ന് രാവിലെ 5 മണിക്ക് പുറപ്പെടുന്ന വേണാട് എക്സ്പ്രസ് നിലമ്പൂര്‍ വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ഇപ്പോള്‍ ഷൊര്‍ണ്ണൂരിലാണ് യാത്ര അവസാനിപ്പിക്കുന്നത്. ഉച്ചക്ക് 12.30 ന് ഷൊര്‍ണ്ണൂരില്‍ എത്തുന്ന വേണാട് തിരിച്ച് 2.25 നാണ് അവിടെ നിന്നും പുറപ്പെടുന്നത്. ഷൊര്‍ണ്ണൂരില്‍ നിന്നും പുറപ്പെടാന്‍ എടുക്കുന്ന ഈ സമയം കൊണ്ട് നിലമ്പൂര്‍ വരെ പോയി തിരിച്ചു വരാവുന്നതാണ്.

ഷൊര്‍ണ്ണൂര്‍ – നിലമ്പൂര്‍ റൂട്ടിലോടുന്ന ട്രെയിനുകള്‍ക്ക് 15 കോച്ചുകള്‍ വരെ ആകാവുന്നതാണ്. വേണാട് എക്സ്പ്രസിന് 17 കോച്ചുകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം ഷൊര്‍ണ്ണൂരില്‍ വച്ച് ഒഴിവാക്കിയാല്‍ നിലമ്പൂര്‍ വരെ നീട്ടുന്നതിന് മറ്റ് തടസങ്ങള്‍ ഒന്നും ഇല്ല. കേരളത്തിനകത്തോടുന്ന ട്രെയിനുകളില്‍ ഏറ്റവും തിരക്കേറിയ എക്സ്പ്രസ് ട്രെയിനാണ് തിരുവനന്തപുരം – ഷൊര്‍ണ്ണൂര്‍ വേണാട് എക്സ്പ്രസ്. ഏറ്റവുമധികം ഉദ്യോഗസ്ഥരും ജോലിക്കാരും യാത്ര ചെയ്യുന്നതും വേണാട് എക്സ്പ്രസിലാണ്. അതേസമയം , വേണാട് എക്സ്പ്രസ് നിലമ്പൂര്‍ വരെ നീട്ടിയാല്‍ ഈ മേഖലയിലുള്ള നൂറുകണക്കിന് യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്. കാരണം, ഇപ്പോള്‍ 11.25 ന് ഷൊര്‍ണ്ണൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ പോയാല്‍ , അടുത്തത് 3.05 നാണ് . വേണാട് എക്സ്പ്രസ് ഷൊര്‍ണ്ണൂരില്‍ എത്തുന്നതിന് മുമ്പ് തന്നെ ഈ ട്രെയിന്‍ പുറപ്പെടുന്നതിനാല്‍ വേണാടില്‍ വരുന്ന യാത്രക്കാര്‍ക്ക് ഉപകാരവുമില്ല.

തിരുവനന്തപുരം ആര്‍സിസി യില്‍ നിന്ന് വരുന്ന രോഗികളടക്കമുള്ള യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ നേരം ഷൊര്‍ണ്ണൂരില്‍ കാത്തിരുന്ന് 3.05 ന് വരുന്ന ട്രെയിനില്‍ കയറുകയാണ് പതിവ്. കേരളത്തില്‍ തന്നെ ഏറ്റവും അധികം കാന്‍സര്‍ രോഗികളുള്ളത് മലപ്പുറം ജില്ലയിലാണ്. 90% ല്‍ അധികം രോഗികളും ചികിത്സ തേടുന്നതും തിരുവനന്തപുരം ആര്‍സിസിയിലാണ്. ജില്ലയിലെ മലയോര മേഖലയില്‍ ഉള്ളവര്‍ക്ക് നേരിട്ട് തിരുവനന്തപുരത്ത് എത്തിച്ചേരാനുള്ള പ്രധാന മാര്‍ഗം നിലമ്പൂരില്‍ നിന്ന് രാത്രി 8.30 ന് പുറപ്പെടുന്ന രാജ്യറാണി എക്സ്പ്രസ് മാത്രമാണ്. വെറും 8 കോച്ചുകളുള്ള രാജ്യറാണി ഷൊര്‍ണൂര്‍ എത്തി അമൃത എക്സ്പ്രസില്‍ ഘടിപ്പിച്ചാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര. തിരിച്ചും അമൃതയുടെ ചുമലിലേറിയാണ് ഷൊര്‍ണൂര്‍ വരെ എത്തുന്നത്. രാജ്യറാണി 15 കോച്ചുകളോടെ സ്വതന്ത്ര ട്രെയിന്‍ ആകുമെന്ന പ്രഖ്യാപനം വന്നെങ്കിലും നടപടികള്‍ വൈകുകയാണ്. അതേസമയം വേണാട് എക്സ്പ്രസ് നിലമ്പൂര്‍ വരെ നീട്ടിയാല്‍ രാജ്യറാണിക്ക് ടിക്കറ്റ് കിട്ടാത്ത യാത്രക്കാര്‍ക്കും സഹായകരമാകും. മാത്രമല്ല ദീര്‍ഘ ദൂരയാത്രക്കാര്‍ക്ക് ട്രെയിനുകള്‍ മാറിക്കയറുക എന്ന ദുരിതവും ഒഴിവാക്കാം.

shortlink

Post Your Comments


Back to top button