കൊച്ചി : കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്. എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനുകളിലെ ഓട്ടോ ഡ്രൈവര്‍മാരും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഓട്ടോക്കാരുമാണ് ആദ്യം പണിമുടക്ക് തുടങ്ങിയത്. പിന്നീടിത് കോര്‍പ്പറേഷന്‍ പരിധിയിലേക്ക് വ്യാപിക്കുകയായിരുന്നു. ഇന്നു രാവിലെയാണ് ഓട്ടോറിക്ഷാ തൊഴിലാളി സംഘടനകള്‍ സമരം പ്രഖ്യാപിച്ചത്.
ഓണ്‍ലൈന്‍ ടാക്‌സികള്‍ തടഞ്ഞതിന്റെ പേരില്‍ ഓട്ടോ ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെതിരെയാണ് പ്രതിഷേധം. പുലര്‍ച്ചെ രണ്ടു മണിയോടെ, എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഓണ്‍ലൈന്‍ ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍ തടഞ്ഞു. പൊലീസ് എത്തി ടാക്‌സി തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. എന്നാല്‍, പൊലീസുകാരെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സംഘടിതമായി നേരിട്ടു. പൊലീസും ഓട്ടോ തൊഴിലാളികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് അന്‍പതിലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമാനമായ സംഭവം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലും ഉണ്ടായതോടെ തൊഴിലാളികള്‍ സമരം പ്രഖ്യാപിക്കുകയായിരുന്നു.
Post Your Comments