
തിരുവനന്തപുരം: മാനസികനില തെറ്റി തെരുവില്‍ അലഞ്ഞ 72കാരനായ ജര്‍മ്മന്‍ സ്വദേശിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് യുവത്വത്തിന് മാതൃകയായിരിക്കുകയാണ് അമിതിലക് എന്ന വിദ്യാര്‍ത്ഥി.തിരുവനന്തപുരം പ്രസ്ക്ലബ്ബിലെ പ്രിന്റ് ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് പാലോട് ഭരതന്നൂര്‍ സ്വദേശിയായ അമിതിലക്. കഴിഞ്ഞ ദിവസം ഹോസ്റ്റലിനടുത്തുള്ള ചായക്കടയിലെത്തിയപ്പോഴാണ് വൃത്തിഹീനമായ സാഹചര്യത്തിൽ ഒരു വൃദ്ധനെ കാണാനിടയായത്.തറയിൽ കിടന്ന ചപ്പുചവറുകൾ വാരിയെടുക്കുന്ന ആ വൃദ്ധനെ ഉപേക്ഷിച്ചു പോകാൻ അമിതിലകിന്റെ മനസാക്ഷി അനുവദിച്ചില്ല.
വൃദ്ധനെപ്പറ്റിയുള്ള വിവരങ്ങള്‍ ചായക്കടക്കാരനോട് ചോദിച്ചെങ്കിലും അയാൾക്ക് ഒന്നും അറിയില്ലായിരുന്നു.രണ്ടു ദിവസമായി ഈ പ്രദേശത്ത് കറങ്ങി നടക്കുന്നുണ്ടെന്നു മാത്രം പലരും പറഞ്ഞു. ഇതോടെ അമി വൃദ്ധനോട് സംസാരിക്കാന്‍ ശ്രമിച്ചു.ഹോളി എന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തി. യാത്രക്കിടയിലെവിടെ വെച്ചോ, പാസ്പോര്‍ട്ടും, മറ്റു രേഖകളും നഷ്ടമായ കഥകള്‍ അയാള്‍ പറഞ്ഞു.ഒടുവിൽ അമി പോലീസിൽ വിവരമറിയിച്ചു.തുടർന്ന് പോലീസ് സ്ഥലത്തെത്തി വൃദ്ധനെ അമിയുടെ സഹായത്തോടെ തിരുവനന്തപുരത്തെ ജര്‍മ്മന്‍ ഭാഷാ പഠന കേന്ദ്രത്തിലെത്തിച്ചു. ഇന്ത്യയിലെ ജര്‍മ്മന്‍ എംബസിയുടെ സഹയാത്തോടെ ഉടന്‍ തന്നെ ഹോളിക്ക് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.അന്യ ദേശക്കാരനായ വൃദ്ധന്റെ ദൈന്യത പുറം ലോകത്തോട് പങ്കു വച്ച അമിയുടെ ഫേസ്ബുക് പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. യുവത്വത്തിന്റെ മനുഷ്യത്വം മരവിച്ചിട്ടില്ല എന്ന് ലോകത്തോട് ഒരിക്കൽ കൂടി വിളിച്ചുപറഞ്ഞിരിക്കുകയാണ് അമിതിലക് എന്ന മലയാളി.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
Post Your Comments