ന്യൂഡല്‍ഹി: പാവപ്പെട്ടവരെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ആരംഭിച്ച മോദി സര്‍ക്കാര്‍ ആരംഭിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയ്ക്ക് കേരളത്തില്‍ നിന്ന് നല്ല പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന (ആര്‍എസ്ബിവൈ) യില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ചേര്‍ന്നത് 12.29 കോടി ജനങ്ങള്‍. ഇതില്‍ 68.75 ലക്ഷം കേരളത്തില്‍ നിന്ന്. ഒക്ടോബര്‍ 31 വരെയുള്ള കണക്കാണിത്. രാജ്യത്തെ 3.51 കോടി കുടുംബങ്ങളാണ് പദ്ധതിയില്‍ അംഗങ്ങളായത്. കേരളത്തില്‍ 20.22 ലക്ഷം കുടുംബങ്ങള്‍ ഭാഗമായി.
ആസാം (43.34 ലക്ഷം), ബിഹാര്‍ (2.59 കോടി), ഛത്തീസ്ഖണ്ഡ് (1.29 കോടി), ഗുജറാത്ത് (99.67 ലക്ഷം), ഹിമാചല്‍ പ്രദേശ് (15.53 ലക്ഷം), കര്‍ണാടക (2.27 കോടി), മണിപ്പൂര്‍ (2.13 ലക്ഷം), മേഘാലയ (10.43 ലക്ഷം), മിസോറാം (7.37 ലക്ഷം), ഒഡീഷ (1.46 കോടി), ത്രിപുര (18.72 ലക്ഷം), ബംഗാള്‍ (2.27 കോടി) ജനങ്ങള്‍ പദ്ധതിയില്‍ ചേര്‍ന്നതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഫഗന്‍ സിംഗ് കലസ്തെ ലോക്സഭയില്‍ എഴുതി നല്കിയ മറുപടിയില്‍ വ്യക്തമാക്കി.
4291 സ്വകാര്യ ആശുപത്രികളും 2935 സര്‍ക്കാര്‍ ആശുപത്രികളും ഈ വര്‍ഷം പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തി.
കേരളത്തില്‍ ഇത് യഥാക്രമം 178, 209 ആണ്. 2008ലാണ് തൊഴില്‍ വകുപ്പിന് കീഴില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നല്കുന്ന പദ്ധതി ആരംഭിച്ചത്. അടുത്തിടെ പദ്ധതിയില്‍ അസംഘടിത തൊഴിലാളികളെയും ഉള്‍പ്പെടുത്തി.
Post Your Comments