മുളങ്കുന്നത്തുകാവ് : മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ തീപിടിത്തം. നവജാത ശിശുവിന് ചെറിയ പൊള്ളലേറ്റു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. നഴ്‌സിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം അപകടം ഒഴിവായി. പ്രസവാനന്തരം വളര്‍ച്ചക്കുറവ് കണ്ടതിനെ തുടര്‍ന്ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്.
മലപ്പുറം ചങ്ങരംകുളം സ്വദേശികളായ ദമ്പതിമാരുടെ 20 ദിവസം പ്രായമായ നവജാത ശിശുവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഗുണനിലവാരം കുറഞ്ഞ വയറിംഗാണ് ആശുപത്രിയിലേത്. റീ വയറിംഗ് നടത്താന്‍ തയാറാവാത്തതു മുലം പലയിടത്തും ലൈറ്റുകള്‍ കത്തുന്നില്ല. കുഞ്ഞിനെ രക്ഷപ്പെടുത്തിയ നഴ്‌സിനെ ആശുപത്രി അധികൃതരടക്കമുള്ളവര്‍ അഭിനന്ദിച്ചു. ചില്ലുകൂടിനുള്ളില്‍ ലൈറ്റിന്റെ ചൂടേറ്റ് കഴിയുകയായിരുന്നു കുഞ്ഞ്. ഗ്ലാസ് കൂടിനു പുറത്തായി കുഞ്ഞിന്റെ അമ്മയുമുണ്ടായിരുന്നു. ലൈറ്റിനു മുകളില്‍ നനഞ്ഞ തുണി ആരോ ഇട്ടിരുന്നു. ഇത് ചൂടേറ്റ് ഉണങ്ങി കത്തുകയും തുടര്‍ന്ന് കുഞ്ഞ് കിടന്ന കിടക്കയിലേക്ക് വീണ് കിടക്കയ്ക്കും തീപിടിക്കുകയായിരുന്നു.
Post Your Comments