ന്യൂഡല്‍ഹി: വ്യോമസേനാ ഉദ്യോഗസ്ഥര്‍ താടി വളർത്തരുതെന്ന് സുപ്രീംകോടതി. സേനയുടെ അച്ചടക്ക കാര്യത്തില്‍ മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ച് വിധിച്ചു. താടി നീട്ടിവളര്‍ത്തിയതിന് നടപടി നേരിടേണ്ടി വന്ന ഒരു വ്യോമസേനാ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വിധി. സേനയുടെ അച്ചടക്കവും ഏകീകൃത സ്വഭാവവും നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ക്കെതിരേ നടപടിയെടുത്തത്.
താടിയും മീശയയുമെല്ലാം ഒരാളുടെ മതസ്വാതന്ത്ര്യത്തിലെ മൗലീക അവകാശങ്ങളില്‍ പെടുന്ന കാര്യമാണെന്ന് ആവശ്യപ്പെട്ട് പുറത്താക്കപ്പെട്ട അന്‍സാരി അഫ്താബ് അഹമ്മദ് എന്ന ഉദ്യോഗസ്ഥനാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. താടിവെച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2008 ലായിരുന്നു അച്ചടക്ക നടപടിയുടെ ഭാഗമായി ഐഎഎഫ് അന്‍സാരിയെ പുറത്താക്കിയത്. അഹമ്മദ് ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെ ആചാരത്തെ മുന്‍നിര്‍ത്തി താടിവെയ്ക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ അനേകം പരാതികള്‍ സുപ്രീംകോടതിക്ക് മുന്നില്‍ എത്തുകയും ചെയ്തു.
എന്നാല്‍ എല്ലാ മുസ്‌ളീങ്ങളും താടി വെയ്ക്കുന്നില്ലെന്നും ആഗോള ഇസ്‌ളാമതം താടിവളര്‍ത്തണമെന്ന് ശഠിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ മുടിവെട്ടുന്നതും താടി വടിക്കുന്നതും ഇസ്ലാം അല്ലാതാക്കുന്നില്ലെന്നുമാണ് വ്യോമസേന നല്‍കിയ മറുപടി. എന്നാൽ അന്ന് പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്റണി ഇസ്‌ളാമിക സൈനികരുടെ താടിയുടെ കാര്യത്തില്‍ നടപടിയെടുക്കരുതെന്ന് പ്രത്യേക നിര്‍ദേശം സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ 2009 ല്‍ ഇക്കാര്യം വീണ്ടും മാറുകയായിരുന്നു.
Post Your Comments