മനാമ : ബഹ്റിനില്‍ നിലവിലുള്ള തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുവാന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) തീരുമാനിച്ചു. ഇന്നലെ നടന്ന ബഹ്റിന്‍ ഇന്ത്യ സൊസൈറ്റിയുടെ യോഗത്തില്‍ എല്‍.എം.ആര്‍.എ ചീഫ് ഔസമാഹ് അല്‍ അബ്‌സിയാണ് ഇക്കാര്യം അറിയിച്ചത്. മലയാളികളടക്കമുള്ള പല സ്ത്രീകളും കുടുംബത്തോടൊപ്പം കഴിയണമെന്നതിനാല്‍ മാത്രം ഭര്‍ത്താവിനോടൊപ്പം ബഹ്റിനില്‍ എത്തുകയും, ജോലി ചെയ്യാന്‍ നിയമാനുമതിയില്ലാത്തതിനാല്‍ വീട്ടമ്മയായി കഴിഞ്ഞുകൂടുകയും ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം ജോലി ചെയ്യാനുള്ള അവകാശത്തെ മാനിച്ചുകൊണ്ടുള്ളതാണ് ഈ ഭേദഗതി. നിലവില്‍ ഭര്‍ത്താവിന്റെ കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് കഴിയുന്ന വീട്ടമ്മമാര്‍ക്ക് തങ്ങളുടെ സ്പോണ്‍സറെ മാറ്റാതെ തന്നെ ഇവിടെ ജോലി ചെയ്യാനാകും.
ഏറെ നാളുകളായുള്ള പ്രവാസികളുടെ ആഗ്രഹമാണ് ഈ നയത്തോടെ നടപ്പാക്കാന്‍ പോകുന്നത്. കമ്പനികളുടെ ആവശ്യം കണക്കിലെടുത്ത്, അവരുടെ പ്രത്യേക അപേക്ഷയിന്മേല്‍ മുന്‍പ് ചിലര്‍ക്ക് ഇത്തരത്തില്‍ ജോലി ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പോലും ഇതിനുള്ള സാധ്യത വളരെ വിരളമാണ് എന്നതാണ് വാസ്തവം. ഇതില്‍ നിന്ന് ചില ഇളവുകള്‍ നല്‍കി വരുന്നത് ആരോഗ്യമേഖലയിലും, അധ്യാപനമേഖലയിലും ജോലി ചെയ്യുവര്‍ക്ക് മാത്രമാണ്. ഹൗസ് വൈഫ് വിസയും, അതാത് മന്ത്രാലയങ്ങളുടെ പ്രത്യേക അനുമതിയും ഉണ്ടെങ്കില്‍ ഇവര്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ കഴിയും.
ഇത് കൂടാതെ തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ടുകളിലൂടെ നല്‍കാനും സംവിധാനമുണ്ടാക്കും. 2017ന്റെ ആദ്യ പാദം മുതല്‍ ഗാര്‍ഹിക തൊഴിലാളികളുടെയും, സെമി സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ് വിഭാഗങ്ങളിലെ തൊഴിലാളികളുടെയും വേതനം തൊഴിലുടമകള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കണം. കരാര്‍ പ്രകാരമുള്ള കാര്യങ്ങളുടെ സുതാര്യത ഉറപ്പു വരുത്താനാണിത്.
Post Your Comments