കാലിഫോർണിയ: ഇന്റെര്‍നെറ്റ് കമ്പനിയായ യാഹൂവിന്റെ നൂറ് കോടി മെയിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണങ്ങളിലൊന്ന് മൂന്നുവര്‍ഷം മുമ്പ് നേരിട്ടതായി യാഹു വെളിപ്പെടുത്തി. നൂറുകോടിയിലേറെ യാഹു ഇമെയില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ 2013 ഓഗസ്റ്റിലുണ്ടായ ആക്രമണത്തില്‍ ചോർന്നുവെന്നാണ് വെളിപ്പെടുത്തല്‍. 50 കോടിയിലേറെ ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായി സെപ്റ്റംബറില്‍ യാഹു വെളിപ്പെടുത്തിയിരുന്നു. ആളുകളുടെ പേരുകള്‍, ഫോണ്‍നമ്പറുകള്‍, പാസ് വേര്‍ഡുകള്‍, ഇ-മെയില്‍ വിവരങ്ങള്‍, സെക്യൂരിറ്റി ക്വസ്റ്റ്യന്‍സ് (സുരക്ഷാ ചോദ്യങ്ങള്‍) എന്നിവ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി യാഹൂ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഉപയോക്താക്കളുടെ ബാങ്ക്, പേയ്മെന്റ് വിവരങ്ങളെല്ലാം സുരക്ഷിതമാണെന്നാണ് കമ്പനി പറയുന്നത്.
വിവരങ്ങള്‍ ചോര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്രയധികം ഉപഭോക്താക്കളുടെ വിവരങ്ങള്‍ എങ്ങനെയാണ് ചോര്‍ത്തിയതെന്ന് കണ്ടെത്താന്‍ ഇതേവരെ സാധിച്ചിട്ടില്ലെന്ന് യാഹുവിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ ബോബ് ലോര്‍ഡ് പറഞ്ഞു. ഹാക്കിംഗ് നടന്നതായി ബോധ്യപ്പെട്ട സ്ഥിതിക്ക് എല്ലാ ഉപഭോക്താക്കളും തങ്ങളുടെ പാസ്വേര്ഡും സുരക്ഷാ ചോദ്യങ്ങളും മാറ്റണമെന്ന് യാഹൂ ആവശ്യപ്പെട്ടിട്ടുണ്ട്. 2014-ല്‍ നടന്ന ഹാക്കിംഗ് ആക്രമണം അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നും ഹാക്കര്‍മാര്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രമാണെന്നും യാഹൂ ആരോപിച്ചിരുന്നു.
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യാഹുവിന് നൂറ് കോടിയിലേറെ സ്ഥിരം ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. പ്രതാപകാലത്ത് ലോകമെമ്പാടും ആക്ടീവ് യൂസേഴ്സ് ഉണ്ടായിരുന്ന കമ്പനിക്ക് പക്ഷേ പുതിയ തലമുറയെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചിട്ടില്ല.
Post Your Comments